മലപ്പുറം : ഒരുപറ്റം ജനത അതിജീവനത്തിന്റെ പാതയിലാണ്. വൻ പ്രളയം ഒരു നാടിനെയാകെ നടുക്കിയപ്പോഴും ഒറ്റകെട്ടായി നേരിട്ട ചരിത്രമുള്ള കേരളം വീണ്ടും മാതൃകയാവുകയാണ്. ഒരൊറ്റ മൊബൈൽ സന്ദേശം കൊണ്ട് കഴിഞ്ഞ ദിവസം വാഴക്കാട് ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത് 502 വളണ്ടിയർമാർ. ജാതി മത രാഷ്ട്രീയ ഭേദമന്യേ അവർ ഒറ്റക്കെട്ടായി ദുരിത ബാധിതർക്കൊപ്പം ചേർന്നു. പേമാരി പെഴ്ത് തോർന്നു, വെള്ളം വീട് വിട്ടറിങ്ങിയപ്പോൾ മലീനസമായ അകത്തളങ്ങൾ വൃത്തിയാക്കാൻ അവർ ഒത്തൊരുമിച്ചിറങ്ങി. അവർക്ക് നന്ദി പറയുകയാണ് തന്റെ ഫേസ്ബുക്കിലൂടെ ഹമീദലി വാഴക്കാട്.
അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം
552 പേരാണ് ഇന്നലെ മെസേജ് കണ്ട് വാഴക്കാട്ടെ എന്റെ ക്യാമ്പിൽ മാത്രം സന്നദ്ധ പ്രവർത്തനത്തിനായി ഓടി എത്തിയത്!
എങ്ങിനെയാണ് ഇവരോട് നന്ദി പറയേണ്ടത് എന്നറിയില്ല.
തങ്ങളുടെ കൂടപ്പിറപ്പുകളെ സഹായിക്കാൻ പെരുന്നാൾ ദിനത്തിൽ പുത്തനുടുപ്പുകൾ അഴിച്ചു വച്ച് നേരെ വാഴക്കാട്ടേക്ക് ഓടി വന്നവരേ നിങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ !
നിങ്ങൾ വന്നില്ലായിരുന്നങ്കിൽ ഞങ്ങളിപ്പോഴും ചെളിയിൽ പുതഞ്ഞു കിടക്കുമായിരുന്നു.
കയറി കിടക്കാൻ ഒരിടമില്ലാതെ ക്യാമ്പിനെ ആശ്രയിച്ചവരെ വീട്ടിൽ കയറ്റാൻ നിങ്ങൾ വന്നതിനാലായി.
കഴിഞ്ഞ ഒരാഴ്ചയായി
പ്രളയ ദുരിതത്തിലകപ്പെട്ട വാഴക്കാട്ടുകാർക്ക് ഇപ്പോൾ നിങ്ങൾ നൽകിയ സേവനം എന്നെന്നും ഓർക്കും.
വെള്ളം കയറി വരുമ്പോൾ
എന്തല്ലാം ചെയ്യണം വീട്ടുകാർ! ശരിക്കും നടുവൊടിയും. സഹായിക്കാനിറങ്ങി ചെറുപ്പക്കാർ തളരും. അങ്ങിനെ തളർന്നവരുടെ അരികിൽ പ്രളയാനന്തരം വന്നു ചേരുന്നതെന്തും നൂറിരട്ടി ആശ്വാസമാണ്.
വാഴക്കാട് പഞ്ചായത്തിൽ പതിനൊന്ന് ക്യാമ്പുകളാണ് ഉണ്ടായിരുന്നത്.
വാഴക്കാട് ഗവ.ഹൈസ്കൂൾ ക്യാമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ഞാൻ തീരുമാനിച്ചത്.
തുടക്കത്തിൽ ഗ്ലൗസ് മുതൽ ഡിറ്റർജൻറുകൾ വരെ ലഭിക്കാൻ പ്രയാസപ്പെട്ടങ്കിലും പിന്നെ എല്ലാം ലഭിച്ചു തുടങ്ങി.
വളരെ ശാസ്ത്രീയമായ രീതിയിലാണ് സംഘാടനം.
വരുന്ന സന്നദ്ധ പ്രവർത്തകരെയല്ലാം രജിസ്റ്റർ ചെയ്തു.
അതോടൊപ്പം സേവനങ്ങൾ ആവശ്യപെട്ടവരെയും മുൻഗണന ക്രമത്തിൽ ലിസ്റ്റ് ചെയ്തു.
അങ്ങിനെ വരുന്നവയെല്ലാം ഒട്ടും സമയം കളയാതെ വീടുകളിലേക്ക് എത്തിച്ചു.
എണ്ണയിട്ട യന്ത്രം കണക്കെ ക്യാമ്പ് ഓടി തുടങ്ങി.
വന്നു ചേർന്ന സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം ക്യാമ്പിൽ തന്നെ ഒരുക്കാനായതും ഏറ്റവും വലിയ മറ്റൊരു കാര്യം.
അഞ്ച് ദിവസമായി കരണ്ടില്ലാത്ത, ശുദ്ധജലമില്ലാത്ത വാഴക്കാട്ട് പുറമെ നിന്ന് വരുന്നവർക്ക് ഭക്ഷണം, വെള്ളം എന്നിവ വലിയ പ്രശ്നം തന്നെയായിരുന്നു.
ആവശ്യത്തിന് കുപ്പിവെള്ളം എത്തിച്ചവർ,
വീടുവീടാന്തരം രാത്രി പാതിരാവരെ കുടിവെള്ളം വാഹനത്തിൽ എത്തിച്ചവർ
ഭക്ഷണം, വസ്ത്രം, മരുന്നുകൾ എത്തിച്ചവർ
മോട്ടോറുകളുമായി വന്നു ചേർന്നവർ എന്നിവർക്കല്ലാം
നന്ദി!
പിന്നെ വാഴക്കാട്ടെ ക്യാമ്പിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ എന്റെ പ്രിയ നാട്ടുകാർക്കും നന്ദി!
പേരെടുത്ത് പറയാൻ മാത്രമുണ്ട് ഓരോരുത്തരുടെയും വർക്കുകൾ
പിന്നെ 30 ചിത്രങ്ങളിൽ കൂടുതൽ FB യിൽ കഴിയില്ലന്ന് മനസ്സിലായി!അതിനാൽ എല്ലാ ടീമിന്റെയും ചിത്രങ്ങൾ ഇതിലില്ല.