കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 51 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ ഡാൻസാഫ് സ്ക്വാഡിന്റെയും ബേപ്പൂർ പോലീസിന്റെയും പിടിയിലായി.
കോഴിക്കോട് നഗരത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി പ്രതികൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി അരക്കിണർ ഭാഗത്ത് വെച്ച് സംശയാസ്പദമായി സഞ്ചരിച്ച ഷിഫ്റ്റ് കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് പ്രതികളുടെ കൈവശത്തുനിന്ന് ഏകദേശം 51 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
കോഴിക്കോട് മുഖദാർ പ്രദേശത്ത് താമസിക്കുന്ന നായിനാം വളപ്പിൽ അബ്ബാസ്, കോഴിക്കോട് പള്ളിക്കണ്ടി ഇടിയങ്ങര സ്വദേശി സക്കീർ എന്നിവരാണ് പിടിയിലായത്.
സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘം കർശന പരിശോധനയും നിരീക്ഷണവും തുടരുകയാണ്. ലഹരിമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
ഓപ്പറേഷൻ തൂഫാൻ: 51 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ

