സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എലത്തൂർ മണ്ഡലത്തിൽ റോഡുകളുടെയും പാലങ്ങളുടെയും 207 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകിയതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ.
എലത്തൂർ നിയോജക മണ്ഡലത്തിലെ നവീകരിച്ച തടമ്പാട്ടുതാഴം- പറമ്പിൽ കടവ്- പുല്ലാളൂർ റോഡിൻറെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തടമ്പാട്ടുതാഴം _പറമ്പിൽകടവ് – പുല്ലാളൂർ റോഡിന് നബാർഡ് ആർ ഐ ഡി എഫ് XXII വികസന പദ്ധതിയിൽ ഉൾപ്പെടുത്തി
ഏഴു കോടി രൂപ നൽകിയെങ്കിലും അഞ്ചുകോടി 45 ലക്ഷം രൂപയാണ് ചെലവായത്. ബാക്കി തുക നബാർഡ് തിരിച്ചെടുക്കും. പദ്ധതികൾ നടപ്പാക്കുമ്പോൾ അനുബന്ധ പ്രവർത്തികൾ കൂടി ചെയ്ത് ലഭിച്ച പണം പൂർണമായും ചെലവഴിക്കുന്നതിന് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ നാനൂറിലേറെ പാലങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇതിൽ അറുപതോളം പാലങ്ങൾ പൂർത്തിയായി. സംസ്ഥാനത്തെ പാലങ്ങളുടെ സ്ഥിതി പരിശോധിക്കാൻ സർക്കാർ, ഉദ്യോഗസ്ഥരടങ്ങുന്ന കമ്മീഷനെ വെച്ചിരുന്നു. 3000 പാലങ്ങൾ പരിശോധിച്ചു. ദീർഘകാലം നിലനിൽക്കുന്ന പാലങ്ങൾ, പൊളിച്ചു മാറ്റി പണിയേണ്ട 200 പാലങ്ങൾ, അറ്റകുറ്റപ്പണി ആവശ്യമുള്ളവ, എന്നിവയുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇനിയും പാലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകുമെന്ന് മന്ത്രി പറഞ്ഞു. പാലങ്ങൾക്ക് മാത്രമായി ഒരു ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ഒരു ഡിവിഷനും ഈ സർക്കാർ വന്നതിനു ശേഷം നിലവിൽ വന്നിട്ടുണ്ട്. പാലങ്ങളുടെ ഡിസൈനും നിർമ്മാണവും ശക്തിപ്പെടുത്തുന്നതിനാണിത്. റോഡുകൾ കേടാകുന്നതിനു മുമ്പ് മുന്നറിയിപ്പ് നൽകാനും, അറ്റകുറ്റപ്പണി നടത്തുമ്പോഴും പുനർനിർമിക്കുന്പോഴും പ്രത്യേക പരിശോധന നടത്തി റിപ്പോർട്ട് നൽകാനും പുതിയ മെയിൻറനൻസ് ഡിവിഷൻ സംവിധാനവും നിലവിൽ വന്നിട്ടുണ്ട്. . പൊതുമരാമത്ത് വകുപ്പിലെ നിർമ്മാണ പ്രക്രിയയിൽ സർക്കാർ വളരെ താല്പ്പര്യമെടുത്താണ് ഇത്തരം നടപടികൾ എടുത്തിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു.
മതനിരപേക്ഷ രാഷ്ട്രീയവും അടിസ്ഥാന വികസനവും സമന്വയിപ്പിക്കുന്ന രീതിയാണ് സർക്കാരിൻറെത് എന്നും മന്ത്രി പറഞ്ഞു.
ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അധ്യക്ഷനായിരുന്നു. കോരപ്പുഴ പാലം നിർമ്മാണത്തിന് 30 കോടി രൂപ സർക്കാർ അനുവദിച്ചു എന്ന് മന്ത്രി പറഞ്ഞു. കുമ്മങ്കോട്ട് താഴം- പണ്ടാര കടവ് റോഡ്, അത്തോളി- ചീക്കിലോട് -നന്മണ്ട റോഡ് തുടങ്ങി 22 ലധികം പ്രവർത്തികൾക്ക് റോഡ് വികസനവുമായി ബന്ധപ്പെട്ട് എലത്തൂർ മണ്ഡലത്തിൽ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നബാർഡ് ആർ ഐ ഡി എഫ് XXII വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 700 ലക്ഷം രൂപയ്ക്ക് 2016 ഭരണാനുമതി ലഭിച്ചതാണ് ഈ പദ്ധതി. തുടർന്ന് ജൈക്കയുടെ പൈപ്പ് ലൈൻ ഇട്ടശേഷം റിഫർവമേഷനും നടത്തി പ്രവർത്തി 2018ൽ ടെൻഡർ ചെയ്തു . 543 ലക്ഷം രൂപയ്ക്കാണ് ഉടമ്പടി വെച്ചത്. 12 മാസത്തിനുള്ളിൽ പ്രവർത്തി പൂർത്തീകരിച്ചു.
തടമ്പാട്ടുതാഴം ജംഗ്ഷൻ മുതൽ മല്ലിശ്ശേരി താഴംവരെ 4.5 കിലോമീറ്ററും കുമ്മങ്കോട്ട് താഴം മുതൽ മച്ചകുളം വരെ 850 മീറ്ററും ഏഴ് മീറ്റർ വീതിയിൽ ബി എം ആൻഡ് ബി സി പ്രവർത്തി ചെയ്യുകയും അഞ്ച് കലുങ്കുകൾ പുതുക്കിപ്പണിയുകയും ചെയ്തു. ആവശ്യമായ സ്ഥലങ്ങളിൽ രണ്ട് കിലോമീറ്റർ നീളത്തിൽ ഓവുചാൽ നിർമ്മിച്ചു. റോഡ് പോയിൻറിംഗ്, സ്റ്റഡ്, സൈൻബോർഡ് എന്നീ റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി.
യോഗത്തിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി അപ്പുക്കുട്ടൻ, പൊതുമരാമത്ത് നിരത്തു വിഭാഗം ചീഫ് എൻജിനീയർ എൽ ബീന, നിരത്തു വിഭാഗം കോഴിക്കോട് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ സിന്ധു, ലൈ ബ്രറി കൗൺസിൽ പ്രതിനിധി കെ ചന്ദ്രൻ, ടിവി ബാലൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൗര പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു .

