കണ്ണൂർ : ഷവർമ കഴിച്ച കുടുംബത്തിലെ അഞ്ച് പേർക്ക് ഭക്ഷ്യവിഷബാധ. പയ്യന്നൂരിൽ മാടക്കാൽ സ്വദേശി സുകുമാരന്റെ കുടുംബാംഗങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ഡ്രീം ഡെസേർട്ട് എന്ന കടയിൽ നിന്നും സുകുമാരൻ ഷവർമയും കുബ്ബൂസും പാഴ്സലായി വാങ്ങിയിരുന്നു.
വീട്ടിലെത്തി ഷവർമ കഴിച്ച ശേഷം കുടുംബാംഗങ്ങൾക്കു തലചുറ്റലും ഛർദ്ദിയും അനുഭവപ്പെട്ടു. ഇതോടെ അഞ്ചു പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ ഭക്ഷ്യ വിഷബാധയാണെന്നു വ്യക്തമായി. ഡോക്റ്ററുടെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുകുമാരൻ ഹെൽത്ത് ഇൻസ്പെക്റ്റർക്കു പരാതി നൽകി. പിന്നാലെ കടയിൽ പരിശോധന നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിന് പതിനായിരം രൂപ പിഴയും ചുമത്തി.