പ്രളയം ആരംഭിച്ച ഉടനെ തന്നെ ജില്ലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി വിവിധ ക്ഷീരവികസനവകുപ്പ് പരിപാടികള്‍. അടിയന്തിരമായി കാലിത്തീറ്റ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും 1500 ചാക്ക് കാലിത്തീറ്റ ഇതിനകം തന്നെ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. കോഴിക്കോട് ജില്ലാ ക്ഷീരകര്‍ഷക ദുരന്ത നിവാരണ കമ്മറ്റി അടിയന്തിരമായി ജില്ലയിലെ ക്ഷീര സംഘം പ്രതിനിധികള്‍, ക്ഷീര, കര്‍ഷക ക്ഷേമനിധി ഭരണസമിതി അംഗം, മൃഗസംരക്ഷണ വകുപ്പ്, മില്‍മ, കേരള ഫീഡ്‌സ് എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേരുകയും കര്‍മ പരിപാടികള്‍ ആസുത്രണം നടത്തുകയും ചെയ്തു.
ദുരന്തബാധിതരായ ക്ഷീര കര്‍ഷകര്‍ക്ക് കന്നുകാലികള്‍ക്ക് നല്‍കുന്നതിനായി അടിയന്തിരമായി 22 ടണ്‍ വൈക്കോള്‍ വിതരണം നടത്തുന്നതിനും 2100 കി.ഗ്രാം ടി.എം.ആര്‍ വിതരണം നടത്തുന്നതിനും നടപടി സ്വീകരിച്ചു. പ്രളയ സമയത്ത് കന്നുകാലികളെ മാറ്റി പാര്‍പ്പിക്കുന്നതിന് ചെലവായ തുക, മില്‍മ പാല്‍ സംഭരണം നടത്താന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ സംഘത്തില്‍ സംഭരിച്ച പാല്‍ മില്‍മയുടെ ഡയറി പ്ലാന്റില്‍ നേരിട്ട് എത്തിക്കുന്നതിന് സംഘങ്ങള്‍ക്ക് ചെലവായ തുക എന്നിവ ആനുപാതികമായി അനുവദിച്ചിട്ടുണ്ട്. ഫീല്‍ഡ് തലത്തില്‍ ഉദ്യോഗസ്ഥര്‍ പ്രളയ ബാധിതരായ ക്ഷീര സംഘങ്ങളും കര്‍ഷകരുമായി നിരന്തരം ഇടപെടലുകള്‍ നടത്തുകയും ക്ഷീര കര്‍ഷകരെ പുനരധിവസിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.