കുന്ദമംഗലം: അഗസ്ത്യന്‍ മുഴി കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിന്റെ ഫള്ക്സില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയത് വിവാദമായതില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടകന്‍ ജി. സുധാകരുനുമൊപ്പം ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയും ഫ്‌ലെക്‌സില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ ഉദ്ഘാടനച്ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചുകൊണ്ടുള്ള ക്ഷണക്കത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി പുറത്തുവന്നു.
ജൂലൈ പത്തിന് ജോര്‍ജ് എം തോമസിന് അയച്ച മറുപടിക്കത്തില്‍ സി.പി.ഐ. എം എം.എല്‍.എയുടെ ക്ഷണത്തിന് രാഹുല്‍ നന്ദി അറിയിക്കുന്നുണ്ട്. എം.എല്‍.എയേക്കൂടാതെ പി.ഡബ്ലി.യു.ഡി എഞ്ചിനീയറും തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചതായി രാഹുല്‍ പറഞ്ഞു.
നേരത്തെ രാഹുല്‍ പങ്കെടുക്കുമെന്ന് അറിയിക്കാതെയാണ് ചടങ്ങില്‍ പേരുള്‍പ്പെടുത്തിയതെന്നും ഇത് അദ്ദേഹത്തെ അപമാനിക്കാനാണെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.
ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ മറ്റൊരു ആവശ്യമുള്ളതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.
വയനാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗമെന്ന നിലയില്‍ സുസ്ഥിരവും പ്രകൃതി സൗഹാര്‍ദ്ദപരവുമായ എല്ലാ പദ്ധതികള്‍ക്കും പിന്തുണയുണ്ടാകും. പദ്ധതി നല്ല രീതിയില്‍ പുരോഗമിക്കുന്നതില്‍ സന്തോഷമുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഹെയര്‍പിന്‍ വളവുകള്‍ വീതി കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിക്ക് ചുക്കാന്‍ പിടിച്ച സര്‍ക്കാരിനും ഉദ്യോസ്ഥര്‍ക്കും അഭിനന്ദനം എന്നും മറുപടികത്തിലുണ്ട്.
ഇങ്ങനെ ചടങ്ങിനെപ്പറ്റി രാഹുലിന്റെ ഓഫീസില്‍ വിവരം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ അപമാനിക്കാനാണ് ഫ്‌ലെക്‌സില്‍ ഫോട്ടോ വച്ചതെന്നും സിപിഎംന്റെ കുതന്തമാണ് ഇതെന്നുമുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം നേരത്തെ വിവാദമായിരുന്നു.