സാഹിത്യകാരന്‍ യു എ ഖാദറിന്റെ തുടര്‍ ചികിത്സാ ചെലവ് തുക എ പ്രദീപ് കുമാര്‍ എംഎല്‍എ കൈമാറി. യു എ ഖാദറിന്റെ വസതിയില്‍ എത്തിയാണ് എംഎല്‍എ തുക കൈമാറിയത്.
അദ്ദേഹത്തിന്റെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും നേരത്തെ പൊക്കുന്നത്തെ വസതിയില്‍ സന്ദര്‍ശിച്ചശേഷം അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 10 ലക്ഷം രൂപയാണ് ചികിത്സാ ചെലവിലേക്ക് അനുവദിച്ചത് നല്‍കിയത്. സാഹിത്യ ലോകത്ത് ഏറ്റവും മൂല്യമുള്ള വ്യക്തികളില്‍ ഒരാളാണ് യു.എ ഖാദര്‍ എന്ന് എംഎല്‍എ പറഞ്ഞു.സമൂഹത്തിന്റെ സ്വത്തെന്ന നിലയിലാണ് സര്‍ക്കാര്‍ ഇദ്ദേഹത്തെ കാണുന്നത്. എല്ലാ കാര്യങ്ങളിലും സര്‍ക്കാരിന്റെ പരിരക്ഷ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നല്‍കുന്ന സഹായം സാഹിത്യജീവിതത്തിലേക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലമായി തിരിച്ചു വരാന്‍ പ്രചോദനമായെന്ന് യു.എ ഖാദര്‍ പറഞ്ഞു. മറ്റാരോടും ഇതുവരെസഹായം ആവശ്യപ്പെട്ടിട്ടില്ല. തന്റെ സാഹിത്യജീവിതത്തിന് സര്‍ക്കാര്‍ മൂല്യം നല്‍കിയെന്നും ഇപ്പോള്‍ ലഭിച്ച പത്ത് ലക്ഷം രൂപ തന്നെ പുനരുജ്ജീവിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ശ്വാസകോശസംബന്ധമായ ശസ്ത്രക്രിയയ്ക്കും കാല്‍മുട്ട് മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും ശേഷം തുടര്‍ ചികിത്സയില്‍ ആയിരുന്നു യു.എ ഖാദര്‍. കോഴിക്കോട് തഹസില്‍ദാര്‍ എന്‍ പ്രേമചന്ദ്രന്‍, വളയനാട് വില്ലേജ് ഓഫീസര്‍ ടി പ്രസാദ്, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ബാലരാജന്‍, സിഎംഡിആര്‍ഫ് ക്ലര്‍ക്ക് ഷീന യു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.