കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുടെയും കുടുംബങ്ങളുടെയും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് പരിവാർ ജില്ലാ ജനറൽ ബോഡി യോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു. മുഖ്യമന്ത്രിക്കും സർക്കാറിനും സമർപ്പിക്കാനുള്ള പ്രമേയങ്ങൾ യോഗം ഏകകണ്ഠമായി അംഗീകരിച്ചു.
രക്ഷിതാക്കളുടെ കാലശേഷം കുട്ടികൾക്ക് സുരക്ഷിത പുനരധിവാസ കേന്ദ്രങ്ങൾ, പെൻഷനും പരിചരണ അലവൻസും വർധിപ്പിക്കൽ, സൗജന്യ ചികിത്സയും തെറാപ്പി സൗകര്യങ്ങളും, വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ എന്നിവ ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യങ്ങൾ.
പരിവാറിന്റെ നിയമസഹായ പദ്ധതിയായ ‘PLACE’, രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘SPACE’ എന്നിവയും ചടങ്ങിൽ പരിചയപ്പെടുത്തി. കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ, സി.ആർ.സി ഡയറക്ടർ ഡോ. റോഷൻ ബിജ്ലി, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ എൻ.കെ. ഹരീഷ്, അസിസ്റ്റന്റ് ഡയറക്ടർ രവികുമാർ എന്നിവർ പദ്ധതികളുടെ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ് ഷേർളി അനിൽ കെ. അധ്യക്ഷത വഹിച്ചു. വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ നേർന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും കോംട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി രാജൻ തെക്കയിൽ പ്രവർത്തന റിപ്പോർട്ടും എൻ.എ. വാസന്തി വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

