ഐ.എഫ്.എഫ്.കെ ലോക ഭൂപടത്തിൽ ഇടംനേടിയത് വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയനിലപാടുകളുടെ പേരിൽ- മുഖ്യമന്ത്രി
വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയനിലപാടുകളുടെ പേരിലാണ് ലോകത്തെ സാംസ്‌കാരിക-രാഷ്ട്രീയ ഭൂപടത്തിൽ ഐ.എഫ്.എഫ്.കെ ഇടം നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അടിച്ചമർത്തപ്പെട്ടവർക്കും പീഡിതർക്കും ഒപ്പമാണ് ഈ മേള എന്നും നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ പ്രാതിനിധ്യം മേളയിൽ ഉണ്ടാകുന്നത് അതിനാലാണ്. സാമ്രാജ്യത്വത്തിനെതിരായ നിലപാട് ഓരോ വർഷവും മേള ഊന്നിപ്പറയുന്നു.മൂന്നാംലോക സിനിമയെന്ന വിപ്ലവകരമായ ചലച്ചിത്ര പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ഫെർണാണ്ടോ സൊളാനസിനെ ആദരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. […]









