മങ്കിപോക്സ് ലക്ഷണങ്ങളുമായി യുവാവ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. വിദേശത്തു നിന്നെത്തിയ യുവാവാണ് ചികിത്സയിലുള്ളത്. യുവാവിനെ നിരീക്ഷിക്കുകയാണെന്നും സ്രവം പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു ഇയാള്‍ ഗള്‍ഫില്‍ നിന്നും മംഗലാപുരം വിമാനത്താവളത്തിലെത്തിയത്.
കണ്ണൂര്‍ സ്വദേശിയെ നിരീക്ഷണത്തില്‍ ആക്കിയതിന് തൊട്ടുപിന്നാലെ സാമ്പിള്‍ ശേഖരിച്ച് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതിനാല്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ പ്രത്യേകം വാഹനം വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൂടാതെ കണ്ണൂര്‍ സ്വദേശിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത എല്ലാവരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
കേരളത്തില്‍ സമാനരീതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചയാള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കൊല്ലം സ്വദേശിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഇന്ത്യയിലെ ആദ്യ മങ്കിപോക്സ് രോഗി കേരളത്തിലായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഗുരുതരമായ പകര്‍ച്ചവ്യാധിയായതിനാല്‍ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടങ്ങളും ആരോഗ്യവകുപ്പും.

