തിരുവനന്തപുരം: ദേശാഭിമാനി ഞായറാഴ്ച പതിപ്പ് ഇന്നത്തെ പത്രത്തോടൊപ്പം ഇല്ലാത്തത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് എം സ്വരാജ്. തികച്ചും സാങ്കേതികമായ കാരണങ്ങളാലാണ് പതിപ്പ് അച്ചടിക്കാൻ കഴിയാതിരുന്നതെന്നും, ഇത് തിങ്കളാഴ്ചത്തെ പത്രത്തോടൊപ്പം വിതരണം ചെയ്യുമെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ കൂടിയായ എം സ്വരാജ് അറിയിച്ചു.
വിവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും സ്വരാജ് പ്രതികരിച്ചു. വിഎസ് അച്യുതാനന്ദനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് അച്ചടിച്ച വാരാന്തപ്പതിപ്പ് പുറത്തിറക്കാത്തതായിരുന്നു വിവാദമായത്.
വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാര്‍ത്തയാണ് ചിലരൊക്കെ കൊടുത്തത്. സഖാവ് വിഎസ് അച്യുതാനന്ദന്റെ അനുസ്മരണ കുറിപ്പ് ഒഴിവാക്കാനാണ് പതിപ്പ് പ്രസിദ്ധീകരിക്കാത്തതെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിഎസിന്റെ ഒന്നാം ചരമദിനമായ 21-ാം തീയതിയിലെ പത്രത്തിൽ പ്രത്യേക പേജ് ഉണ്ടായിരിക്കും. കൂടാതെ, വരാന്തപ്പതിപ്പിന്റെ ഒന്നാം പേജിലും അവസാന പേജിലും വിഎസിനെ സംബന്ധിച്ച ചിത്രങ്ങളും കുറിപ്പുകളും നൽകിയിട്ടുണ്ട്. കള്ളന്‍ വിജയന്‍ എന്ന പേരില്‍ ഒരു ലേഖനം ദേശാഭിമാനിയില്‍ ഇല്ല’, എം സ്വരാജ് വ്യക്തമാക്കി.
പത്രം അച്ചടിക്കുന്ന ഒരു യൂണിറ്റിലെ സ്വകാര്യ പ്രസ്സിലുണ്ടായ യന്ത്രതകരാർ കാരണമാണ് തടസ്സമുണ്ടായത്. കഴിഞ്ഞ രണ്ടു ദിവസമായി മറ്റൊരു യൂണിറ്റിലായിരുന്നു അച്ചടി നടന്നിരുന്നത്. ഇതുമൂലം സമയബന്ധിതമായി അച്ചടി പൂർത്തിയാക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടു. ഇപ്പോള്‍ ആ തകരാര്‍ പരിഹരിച്ചു. അതുകൊണ്ടാണ് നാളെ വാരാന്തപ്പതിപ്പ് വരുമെന്ന് പറഞ്ഞത്.
കെ.വി. സുധാകരന്റെ അനുസ്മരണ ലേഖനമാണ് ഈ ലക്കത്തിലെ പ്രധാന ഇനമെന്നും ഇതിൽ യാതൊരുവിധ അവ്യക്തതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

