കോഴിക്കോട് : പതിമംഗലം ചൂരാം വയലിൽ കയറ്റത്തിൽ അപകടങ്ങൾ തുടർക്കഥയാവുന്നതിനെ തുടർന്ന് അധികൃതർക്ക് നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം. സാമൂഹ്യ പ്രവത്തകൻ നൗഷാദ് തെക്കയിലിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ചൂരാം വയലിൽ തുടർച്ചയായി ഉണ്ടാവുന്ന അപകടത്തിൽ നാട്ടുകാർക്കുള്ള ആശങ്ക മുൻ നിർത്തി സർക്കാർ അധികൃതർ ഇടപെടണമെന്നും റോഡിൻറെ പ്രശ്നങ്ങൾ പരിഹരിച്ച് അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമുള്ള ആവശ്യം മുൻ നിർത്തി ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിക്കും മറ്റ് അധികൃതർക്കും നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ചൂട്ട് കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസം ചൂരാം വയലിൽ ഓട്ടോയും കാറും തമ്മിലുണ്ടായ അപകടത്തിൽ രണ്ടു പേർ മരണപെട്ടിരുന്നു. വിഷയത്തിൽ അധികൃതർ ഇടപെടുന്നവരെ പ്രതിഷേധങ്ങൾ തുടരാനാണ് തീരുമാനമെന്ന് ജനകീയ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന നൗഷാദ് തെക്കയിൽ പറഞ്ഞു

