മലപ്പുറം∙ മലപ്പുറം തിരൂരിൽ നിന്നു കാണാതായ വ്യാപാരി തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) കൊലപ്പെടുത്തിയത് സ്വന്തം ജീവനക്കാരനും സുഹൃത്തുക്കളുമാണെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയെ ചെന്നൈയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പം ഷിബിലിയുടെ പെൺസുഹൃത്ത് ഫർഹാനയും പോലീസ് കസ്റ്റഡിയിലാണ്. ഫർഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിക്കാണ് പിടിയിലായ മൂന്നാമൻ.
ഹോട്ടലിലെ മേൽനോട്ടക്കാരനായിരുന്നു ഷിബിലിയെന്നാണ് വിവരം. വെറും രണ്ട് ആഴ്ച മാത്രമാണ് ഷിബിലി ഹോട്ടലിൽ ജോലി നോക്കിയത്. ഇതിനിടെ മറ്റ് തൊഴിലാളികൾ ഷിബിലിയുടെ പെരുമാറ്റ ദൂഷ്യത്തെപ്പറ്റി പരാതിപ്പെട്ടിരുന്നു. ഷിബിലിയ്ക്ക് കുറച്ചു ദിവസത്തെ ശമ്പളം നൽകാനുണ്ടായിരുന്നു. അതു കൊടുത്ത് അവരെ കടയിൽനിന്ന് ഒഴിവാക്കാനായിരുന്നു തീരുമാനം
ആഷിക്കിന്റെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഫർഹാനയുടെ പ്രേരണയിലാണ് ആഷിക്ക് കൊലപാതകത്തിന്റെ ഭാഗമായതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നിലവിൽ ഈ മൂന്നു പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.
അട്ടപ്പാടിക്കു സമീപം അഗളിയിൽ നടക്കുന്ന പൊലീസ് തെളിവെടുപ്പിനായി ആഷിക്കിനെ കൊണ്ടുപോകുമെന്നാണ് വിവരം. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ട്രോളിബാഗിൽ ഉപേക്ഷിച്ചതിനെക്കുറിച്ച് ആഷിക്കിനാണ് അറിവുള്ളതെന്നാണ് പ്രാഥമിക വിവരം.

