ആലപ്പുഴ : 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വിഭാഗത്തിൽ നടുഭാഗം ജേതാവായി. 66 വർഷങ്ങൾക്കു ശേഷമാണ് നടുഭാഗം ചുണ്ടൻ ജേതാക്കളാകുന്നത്. പള്ളാത്തുരുത്തി ബോട്ട്ക്ലബാണ് വിജയപീഠത്തിലേക്ക് വള്ളം തുഴഞ്ഞത്. 4 മിനിറ്റ് 23 സെക്കന്റിലാണ് 1 .4 കിലോമീറ്റർ വരുന്ന ദൂരം നടുഭാഗം ഫിനിഷ് ചെയ്തത്.
രണ്ടാം സ്ഥാനത്തെത്തിയത് ചമ്പക്കുളം ചുണ്ടനാണ് (യുബിസി കൈനകരി). കാരിച്ചാൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പൊലീസ് ബോട്ട് ക്ലബ് വകയാണ് കാരിച്ചാൽ ചുണ്ടൻ. ദേവാസ് ചുണ്ടൻ നാലാം സ്ഥാനത്തെത്തി.
67-ാമത് നെഹ്രു ട്രോഫി വളളം കളി ഇന്ന് പുന്നമടക്കായലില്‍ അരങ്ങേരിയിരുന്നു. വള്ളം കളിയുടെ ഉദ്ഘാടന ചടങ്ങില്‍ സച്ചിനാണ് മുഖ്യാതിഥിയായത്. കാലവര്‍ഷ കെടുതി മൂലം മാറ്റി വെച്ച നെഹ്രു ട്രോഫി വളളം കളി ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.
പ്രളയദുരിതത്തിൽഇരയായവർക്കൊപ്പം താനുമുണ്ടെന്ന് സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. പ്രളയത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പമുണ്ട് . വെല്ലുവിളികൾ മറികടക്കണം. കായിക ഇനങ്ങൾക്ക് എന്നും കേരളം പിന്തുണ നൽകിയിട്ടുണ്ട്. അത് തനിക്ക് നേരിട്ടറിയാവുന്നതാണെന്ന് സച്ചിൻ പറഞ്ഞു.
ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് നടക്കുന്ന വള്ളം കളി മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് കേരളത്തിന്‍റെ ഐക്യത്തിന്‍റെ ഉത്തമ ഉദാഹരണമാണെന്നും പിണറായി വ്യക്തമാക്കി.

