
കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ലൈഫ് മിഷന്റെ ഭവന സമുച്ചയങ്ങളുടെ രണ്ട് പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്നില്‍ ഗ്രാമപഞ്ചായത്ത് കൈവശത്തിലുള്ള 1.63 ഏക്കര്‍ സ്ഥലത്തും മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ കൈവശത്തിലുള്ള 2.63 ഏക്കര്‍ സ്ഥലത്തുമാണ് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത്.
പൂളക്കോട് വില്ലേജിലെ ഭവന സമുച്ചയത്തിന് 5.25 കോടി രൂപയും മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പൊന്‍പാറക്കുന്നില്‍ നിര്‍മ്മിക്കുന്ന പദ്ധതിക്ക് 6.16 കോടി രൂപയുമാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
പൂളക്കോട് വില്ലേജിലെ കോട്ടക്കുന്നില്‍ 42 കുടുംബങ്ങള്‍ക്കും മാവൂര്‍ വില്ലേജിലെ പൊന്‍പാറക്കുന്നില്‍ 44 കുടുംബങ്ങള്‍ക്കുമുള്ള ഭവന സമുച്ചങ്ങളാണ് നിര്‍മ്മിക്കുന്നത്.
ചാത്തമംഗലം കോട്ടക്കുന്ന് പദ്ധതി കോഴിക്കോട് ജില്ലയിലെ പൈലറ്റ് പ്രോജക്ടായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും എം..എല്‍.എ പറഞ്ഞു.

