ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മറ്റി അംഗവും കാശ്മീരിലെ എംഎല്‍എയുമായ യൂസഫ് തരിഗാമിയെ കാണാന്‍ സീതാറാം യച്ചൂരി ശ്രീനഗറിലെത്തും. തരിഗാമിയെ തടങ്കിലാക്കിയതിനെതിരെ ഹോബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തശേഷം കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി സുപ്രീംകോടതിയാണ് യച്ചൂരിക്ക് തരിഗാമിയെ കാണാന്‍ ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു, തിരിച്ചുവന്നശേഷം തരിഗാമിയുടെ ആരോഗ്യനിലയെക്കുറിച്ച് യച്ചൂരി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.
യച്ചൂരിയുടെ യാത്ര വലിയ പ്രാധാന്യത്തോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ യാത്രയെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന കോടതിയുടെ നിര്‍ദേശത്തോടെയാണ് യെച്ചൂരി ശ്രീനഗറിലേക്ക് തിരിക്കുന്നത്. നേരത്തെ തരിഗാമി അടക്കമുള്ള സിപിഎം നേതാക്കളെ കാണാനായി ഈ മാസം ആദ്യം യച്ചൂരി ജമ്മു കശ്മീരില്‍ എത്തിയെങ്കിലും സുരക്ഷാ സേന അദ്ദേഹത്തെ വിമാനത്താവളത്തില്‍ വച്ചു തന്നെ മടക്കി അയക്കുകയായിരുന്നു. അതേസമയം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടിട്ടുണ്ട്.