ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ പ്രധാന താഴികക്കുടത്തില്‍ വിള്ളല്‍ കണ്ടെത്തി. 73 മീറ്റര്‍ ഉയരത്തിലാണ് ഇത്. വിള്ളല്‍ പരിഹരിക്കാന്‍ നടപടികള്‍ തുടങ്ങിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.
താഴികക്കുടത്തിലെ കല്ലുകളെ ബന്ധിപ്പിക്കുന്ന കുമ്മായക്കൂട്ടിന് ബലക്ഷയം സംഭവിച്ചതാണ് വിള്ളലിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. താഴകക്കുടത്തെ താങ്ങി നിര്‍ത്തുന്ന ഇരുമ്പ് ഘടനയുടെ സമ്മര്‍ദം മൂലമാകാം ഇത് സംഭവിച്ചതെന്നാണ് കരുതുന്നത്. മാത്രമല്ല, താഴികക്കുടത്തിന്റെ മേല്‍ക്കൂരയുടെ വാതിലും തറയും ദുര്‍ബലമായിരിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
ചോര്‍ച്ചയെ തുടര്‍ന്ന് നടത്തിയ തെര്‍മല്‍ സ്‌കാനിങ്ങിലാണ് വിള്ളല്‍ കണ്ടെത്തിയത്. അടുത്ത രണ്ടാഴ്ച കൂടുതല്‍ വിദഗ്ധ പരിശോധന നടത്തും. തുടര്‍ന്ന് വിള്ളല്‍ പരിഹരിക്കാന്‍ അറ്റകുറ്റപ്പണി ആരംഭിക്കും. ചോര്‍ച്ച പൂര്‍ണമായി പരിഹരിക്കാന്‍ ആറു മാസം സമയമെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആഗ്രയില്‍ യമുനാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹല്‍, മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്‌നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായാണ് പണികഴിപ്പിച്ചത്. 22 വര്‍ഷമെടുത്താണ് പൂര്‍ണമായും വെണ്ണക്കല്ലില്‍ ഈ സ്മാരകം പൂര്‍ത്തിയാക്കിയത്. 1983- ല്‍ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ യുനെസ്‌കോ താജ് മഹലിനെ ഉള്‍പ്പെടുത്തി. അനശ്വര പ്രണയ സ്മാരകമായി വിശേഷിപ്പിക്കുന്ന താജ്മഹല്‍ വര്‍ഷത്തില്‍ 70 മുതല്‍ 80 ലക്ഷം ആളുകള്‍ സന്ദര്‍ശിക്കുന്നുവെന്നാണ് കണക്ക്.