കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടത്തുന്നത് ലഘു വ്യായാമമാണ്. അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും രക്ഷിതാക്കള്‍ക്ക് ചോയ്സ് ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ടാക്റ്റ് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അധ്യാപകന് ബാധ്യതയുണ്ട്. ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഉന്നതമായ ജനാധിപത്യ സാംസ്‌കാരിക നിലപാടാണ് സ്വീകരിച്ചതെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഇവിടെ ചില പ്രസ്ഥാനങ്ങള്‍ ഭൂരിപക്ഷ തീവ്രവാദത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണ്. കേരളം പോലെ ഒരുമയോടെ ജീവിക്കുന്ന സമൂഹത്തില്‍ ഇത്തരത്തില്‍ നിലപാടുകള്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്കേ ഉത്തേജനം നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.