കോഴിക്കോട് : കേരളത്തിലെ പ്രധാന സാഹസിക ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി തുഷാരഗിരിയെ മാറ്റുമെന്ന് ദേവസ്വം വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലെ ഭൂപ്രകൃതി സാഹസിക ടൂറിസത്തിന് അനുയോജ്യമാണ് . കോടഞ്ചേരി ചാലിപുഴയില്‍ ഏഴാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനോദസഞ്ചാര മേഖലയില്‍ കാഴ്ചകള്‍ക്കൊപ്പം സാഹസികതയിലും ചെറുപ്പക്കാര്‍ താല്പര്യം കാണിക്കുന്നുണ്ട്. കണ്ടു മറന്ന സ്ഥലത്തിന് പുറമെ കേരളത്തിന്റെ ഉള്‍നാടന്‍ ഭൂപ്രകൃതിയും കാലാവസ്ഥയും സാഹസിക ടൂറിസത്തിനു ഏറെ അനുയോജ്യമാണ്. കേരളത്തില്‍ കോടഞ്ചേരി പോലെ ഉള്ള സ്ഥലങ്ങള്‍ കണ്ടെത്തി സാഹസിക ടൂറിസം സാധ്യത ഉപയോഗിക്കാനാകണം എന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാഹസിക ടൂറിസത്തില്‍ കേരളത്തിന് പുതിയ ചരിത്രം സൃഷ്ടിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ആദ്യവര്‍ഷങ്ങളില്‍ അഞ്ചുമുതല്‍ എട്ടുവരെ രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുപ്പിക്കാന്‍ മാത്രം കഴിഞ്ഞിരുന്ന കോടഞ്ചേരിയില്‍ വര്‍ഷം കൂടുന്തോറും വിദേശ താരങ്ങളുടെ പങ്കാളിത്തം വര്‍ധിക്കുന്നത് സംഘടനാ മികവിന്റെയും ഒപ്പം ജനങ്ങളുടെ സഹകരണത്തിന്റെയും വിജയമാണ്.
കായാക്കിങ്ങിനു പുറമേ പാരാഗ്ളൈഡിങ്, സ്‌കൂബ ഡൈവിംഗ്, മൗണ്ടന്‍ സൈക്കിളിങ്തുടങ്ങിയ സാഹസിക കായിക വിനോദങ്ങള്‍ക്കും ഇവിടം അനുയോജ്യമാണ്. സാഹസിക മത്സരങ്ങളുടെയും അതിനനുയോജ്യമായ പ്രദേശങ്ങളുടെയും പേരു ഉള്‍പ്പെടുത്തി ഗൈഡ് ലൈന്‍ തയ്യാറാക്കി കേരളത്തില്‍ സാഹസിക ടൂറിസത്തിനു കൂടുതല്‍ സാധ്യതകള്‍ നല്‍കുന്ന പദ്ധതികള്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
സാഹസിക മത്സരങ്ങളുടെ പരിശീലനത്തിനായി തിരുവനന്തപുരം കാട്ടാക്കടയില്‍ അഡ്വഞ്ചര്‍ അക്കാദമി സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. മത്സരത്തിനായി എത്തിയ വിദേശികളും സ്വദേശികളുമായ മത്സരാര്‍ത്ഥികളെ മന്ത്രി അഭിനന്ദിച്ചു. Paddling Kozhiode (തുഴയുന്ന കോഴിക്കോട്) എന്ന പേരില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തയ്യാറാക്കിയ ടൂറിസം പദ്ധതിയുടെ രൂപരേഖ ചടങ്ങില്‍ മന്ത്രിക്ക് കൈമാറി.
കോടഞ്ചേരി ചാലിപ്പുഴയുടെ പ്രത്യേകതയും നാട്ടുകാരുടെ സ്‌നേഹോഷ്മള തയുമാണ് കയാക്കിംഗിന്റെ ജനകീയ പങ്കാളിത്തം ഓരോ വര്‍ഷവും വര്‍ദ്ധിപ്പിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജോര്‍ജ് എം തോമസ് എം.എല്‍.എ പറഞ്ഞു. കോടഞ്ചേരി, തുഷാരഗിരി എന്നീ പ്രദേശങ്ങളെ കേന്ദ്രമാക്കി തുഴയുന്ന കോഴിക്കോട് (Paddling Kozhiode) എന്ന പേരില്‍ ടൂറിസം പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയതായും തുഷാരഗിരിയെ ടൂറിസം ഡസ്റ്റിനേഷനാക്കി കയാക്കിംഗ് അക്കാദമി സ്ഥാപിക്കണമെന്നും എം.എല്‍.എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചടങ്ങില്‍ മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ചാക്കോ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, ഐകെസിഎ ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഷ് വാഹ, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.