കോടഞ്ചേരി: പുലിക്കയത്ത് വെച്ച് നടക്കുന്ന ഏഴാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് നേട്ടം. പുരുഷ വിഭാഗം പ്രൊ സ്ലാലോമില്‍ ഇന്ത്യയുടെ അമിത് ഥാപ്പ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഇന്ത്യയുടെ ആശിഷ് റാവത്തിനാണ് . റഷ്യയുടെ ഇവാന്‍ കൊസകോവിന് മൂന്നാം സ്ഥാനവും ലഭിച്ചു.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് സംഘടിപ്പിക്കുന്നത്.
മലബാറിന്റെ സാഹസിക വിനോദ സഞ്ചാര മേഖലക്ക് പുത്തനുണര്‍വേകി ഇതിനോടകം ലോക ശ്രദ്ധയാകര്‍ഷിച്ച ചാമ്പ്യന്‍ഷിപ്പില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നൂറോളം താരങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്.