Kerala News

അറിയിപ്പുകൾ

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം
തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് കോഴ്‌സിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. 18 നും 45 നും ഇടയിലായിരിക്കണം പ്രായം. മൂന്ന് മാസമാണ് കാലാവധി.
അപേക്ഷകർ മൂന്നു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി വിഭാത്തിൽപ്പെട്ടവരോ ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരോ ആയിരിക്കണം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർ പ്രതിമാസം 1,000 രൂപ സ്റ്റൈപ്പന്റിന് അർഹരായിരിക്കും.
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വാർഷിക വരുമാന സർട്ടിഫിക്കറ്റ്, രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോ, അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്ക്, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് (ഒ.ബി.സി) എന്നിവയുമായി 30 നകം ഓഫീസിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: 0471-2307733, 8547005050.

ക്ഷീര-മൃഗസംരക്ഷണ രംഗത്തെ വിദഗ്ധർ പങ്കെടുക്കുന്ന ശിൽപശാലയ്ക്കു തുടക്കമായി
അടുത്ത അഞ്ചു വർഷംകൊണ്ട് മൃഗസംരക്ഷണ-ക്ഷീര മേഖലയിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാനും അതിന്റെ പുരോഗതി വിലയിരുത്താനും കഴിയണമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 14-ാം പഞ്ചവത്സര പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയിൽ നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് ഈ മേലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശിൽപശാലയുടെ ഉദ്ഘാടനം തിരുവനന്തപുരം സമേതിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാൽ ഉല്പാദനത്തിൽ കേരളം ഒരുപാട് മുന്നേറി. അന്യസംസ്ഥലങ്ങളിൽ നിന്ന് പാലെടുക്കുന്നതിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ശിലാസ്ഥാപനം കഴിഞ്ഞ പാൽപ്പൊടി ഫാക്ടറിയുടെ പണി ഒരു വർഷംകൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സർക്കാരിന്റെ ഏഴ് പൗൾട്രി ഫാമുകൾ മെച്ചപ്പെടുത്തി മുട്ടക്കോഴി ഉത്പാദനം പരമാവധി വർധിപ്പിക്കും. വിദ്യാർത്ഥികൾക്ക് കൂടി സാമ്പത്തിക നേട്ടം ഉണ്ടാവുന്ന തരത്തിൽ സ്‌കൂളുകളിൽ പൗൾട്രി ക്‌ളബുകൾ ആരംഭിക്കും. പുതിയ ഇനം പശുക്കളെയും കോഴികളെയും കേരളത്തിൽ കൊണ്ടുവരുകയും പഴയ ഇനം പശുക്കളെ സംരക്ഷിക്കുകയും ചെയ്യും. അന്യസംസ്ഥാനങ്ങളിൽനിന്ന് പശുക്കളെ കേരളത്തിൽ എത്തിച്ചാൽ ഇൻഷുർ ചെയ്യാനുള്ള സംവിധാനം ഉണ്ടാവണം. പോത്ത്, പന്നി തുടങ്ങിയവയുടെ ഉത്പാദനം വർധിപ്പിക്കും. സംസ്ഥാനത്തിന് ആവശ്യമായ ഇറച്ചി ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ സംരംഭങ്ങളിൽ പ്രവാസികളടക്കമുള്ള തൊഴിൽസംരഭകരെ ഏതൊക്കെ നിലയിൽ സഹായിക്കാൻ പറ്റുമെന്ന് പരിശോധിക്കണം. വെറ്ററിനറി ഹോസ്പിറ്റൽ, വെറ്ററിനറി ഡോക്ടർ, ഡോക്ടറുമായി ബന്ധപ്പെടേണ്ട വിലാസം, കർഷകർ, കൃഷി തുടങ്ങിയ വിവരങ്ങൾ മൃഗസംരക്ഷണ ക്ഷീര മേഖലയിൽ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണം – ക്ഷീരവികസനം വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ഇഷിത റോയ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ആർ. രാമകുമാർ, ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനിൽ ഗോപിനാഥ് തുടങ്ങിയവർ സംബന്ധിച്ചു. ശിൽപശാല 25 ന് സമാപിക്കും.

പ്യൂൺ തസ്തികയിലെ പ്രമാണ പരിശോധന മാറ്റി
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിലെ പ്യൂൺ (കാറ്റഗറി നം.01/2019) തസ്തികയുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർക്ക് 27ന് നിശ്ചയിച്ചിരുന്ന പ്രമാണ പരിശോധന ഒക്‌ടോബർ ഒന്നിലേക്ക് മാറ്റി.

കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ചാനലിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്‌സിന്റെ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്‌സ് പ്ലസിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഇതോടെ ഇനി മുതൽ കൂടുതൽ ഡിജിറ്റൽ ക്ലാസുകളും വിദ്യാഭ്യാസ പരിപാടികളും കുട്ടികൾക്ക് ലഭ്യമായിത്തുടങ്ങും. കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ പുനഃസംപ്രേഷണം ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലൂടെ ആരംഭിച്ചു. എ.സി.വി 410-ാം നമ്പറിലും കേരളാ വിഷൻ 34-ാം നമ്പറിലും കൈറ്റ് വിക്ടേഴ്‌സ് പ്ലസ് നൽകിത്തുടങ്ങി. മുഴുവൻ കേബിൾ സേവന ദാതാക്കളോടും ചാനൽ ലഭ്യമാക്കാൻ കൈറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എസ്.സി.ഇ കെ. മനോജ് കുമാർ എന്നിവരും സംബന്ധിച്ചു. 2006 ആഗസ്റ്റിൽ വിക്ടേഴ്‌സ് ചാനൽ നിലവിൽ വന്ന് പതിനഞ്ചു വർഷം പൂർത്തിയാകുമ്പോഴാണ് രണ്ടാമത് ചാനലും സംപ്രേഷണമാരംഭിക്കുന്നത്.

പാമോലിൻ, സൺഫ്‌ളവർ ഓയിൽ: താത്പര്യ പത്രം നീട്ടി
സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ശബരി ബ്രാൻഡഡ് ഉല്പന്നങ്ങളായ പാമോലിൻ / സൺഫ്‌ളവർ ഓയിൽ എന്നിവ തയ്യാറാക്കി നൽകുന്നതിനുള്ള താത്പര്യപത്രം താത്ക്കാലികമായി നീട്ടിയതായി സി.എം.ഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു. ഈ ഉല്പന്നങ്ങളുടെ പൊതു വിപണി വിലയിലെ അസ്ഥിരത കണക്കിലെടുത്താണ് തീരുമാനം. ശബരി കറി / മസാല പൊടികൾ, റവ/ മൈദ, ഹാൻഡ് വാഷ്/ ഹാൻഡ് സാനിറ്റൈസർ/ ടോയ്‌ലറ്റ് ക്ലീനർ/ ഡിറ്റർജന്റ് പൗഡർ എന്നിവയുടെ താത്പര്യ പത്രത്തിൽ നിന്ന് അനക്‌സർ-ബി ഒഴിവാക്കിയിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളുടെ വാർഷിക വിറ്റുവരവ് 100 കോടി എന്നത് ഒരു കോടിയായി മാറ്റം വരുത്തിയതായും സി.എം.ഡി അറിയിച്ചു. സെപ്റ്റംബർ 9, 10 തീയതികളിലാണ് താത്പര്യപത്രം ക്ഷണിച്ചിരുന്നത്.

പരാതിക്കാരനെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ
എസ്.സി.-എസ്.ടി. കമ്മീഷന്റെ ഹിയറിങിനുശേഷം പുറത്തിറങ്ങിയ ആദിവാസി വിഭാഗക്കാരനായ ഉദ്യോഗസ്ഥനെയും ഭാര്യയെയും ഹിയറിങ് ഹാളിന് പുറത്തുവച്ച് ഭീഷണിപ്പെടുത്തിയ അസി.സബ് ഇൻസ്‌പെക്ടർ തുളസീധരക്കുറുപ്പിനെതിരെ നടപടിക്ക് കമ്മീഷൻ ശുപാർശ ചെയ്തു.
ഹിയറിങ് ഹാളിന് പുറത്തുവച്ച് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയത് കമ്മീഷനെ അപമാനിച്ചതിനും അവഹേളിച്ചതിനും കമ്മീഷന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നതിനും സമാനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തി ശക്തമായ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി.

ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ
ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ അറബിക് വിഷയത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് അധ്യാപക നിയമനത്തിന് 29ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്‌ക്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

സ്റ്റെനോഗ്രഫി സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി /വർഗത്തിൽപ്പെട്ടവർക്കായി കെ.ജി.ടി പരീക്ഷകൾക്കുള്ള രണ്ട് വർഷ സ്റ്റെനോഗ്രാഫി (ടൈപ്പ്‌റൈറ്റിംഗ് & കമ്പ്യൂട്ടർ വേർഡ് പ്രൊസസിംഗ്-ഷോർട്ട്ഹാന്റ്) സൗജന്യ പരിശീലനം നൽകും. എസ്.എസ്.എൽ.സി പാസ്സായ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. 39 വയസ്സാണ് പ്രായപരിധി. പരിശീലന കാലയളവിൽ പ്രതിമാസം 800 രൂപ നിരക്കിൽ സ്റ്റൈപ്പന്റ് നൽകും. ദൂരപരിധിക്ക് വിധേയമായി പരിമിതമായ ഹോസ്റ്റൽ സൗകര്യം ലഭിക്കും.
താൽപര്യമുള്ളവർ ഫോൺ നമ്പർ സഹിതം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളോടെ ”പ്രിൻസിപ്പൽ, പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹിൽ, കോഴിക്കോട്-5 എന്ന വിലാസത്തിൽ സെപ്തംബർ 30 നകം അപേക്ഷിക്കണം. (ഫോൺ: 0495 2381624, മൊബൈൽനമ്പർ : 9446833259).

ലാറ്ററൽ എൻട്രി ബി.ടെക്ക് പ്രവേശനം
കേരളത്തിലെ എൻജിനിയറിങ് കോളേജുകളിലെ രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ബി.ടെക്ക് ബിരുദ കോഴ്‌സിന് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകൃത മൂന്നു വർഷ ഡിപ്ലോമ കോഴ്‌സ്/ ഡി.വോക്ക്(D.Voc)/ ബി.എസ്.സി (ബിരുദതലത്തിൽ മാത്തമാറ്റിക്‌സ് മുഖ്യവിഷയമായോ/ ഉപവിഷയമായോ പഠിച്ചിരിക്കണം). പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈൻ ആയി www.admissions.dtekerala.gov.in, www.dtekerala.gov.in എന്നീ വെബ്‌സൈറ്റുകൾ മുഖേന സമർപ്പിക്കണം. അപേക്ഷ ഓൺലൈൻ ആയി 27 മുതൽ ഒക്‌ടോബർ ഒൻപത് വൈകുന്നേരം അഞ്ച് മണി വരെ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റുകളിൽ ലഭിക്കും.

ഐസിഫോസ് സിക്‌സ്‌വെയർ ദ്രുപാൽ സർട്ടിഫിക്കറ്റ് കോഴ്‌സ്
കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഐസിഫോസ് (അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രം) ഒക്ടോബർ 2 മുതൽ ഐസിഫോസ് സിക്‌സ്‌വെയർ ദ്രുപാൽ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തും. ദ്രുപാലിലെ നിലവാരം ഉറപ്പ് വരുത്താനാണിത്. സോഫ്റ്റ്വെയർ മേഖലയിലെ ദ്രുപാൽ ഡവലപ്പർമാരുടെ വർധിക്കുന്ന ആവശ്യകത കണക്കിലെടുത്താണ് കോഴ്‌സ് നടത്തുന്നത്. 9,999 രൂപയാണ് കോഴ്‌സ് ഫീസ്. പരിശീലന പദ്ധതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in/event-details/147, +917356610110, +914712700012/ 13, +919207299777.

ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ ശ്രവ്യ ഇ.എൻ.ടി ഒ.പി
തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ ഒരു മണി വരെ ശ്രവ്യ ഇ.എൻ.ടി ഒ.പി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇ.എൻ.ടി സംബന്ധമായ അസുഖങ്ങൾക്കുള്ള ചികിത്സയും, നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചിട്ടുള്ള രോഗ നിർണ്ണയവും, ഇ.എൻ.ടി സർജൻ, ഓഡിയോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവരുടെ സേവനങ്ങളും കൂടാതെ കേൾവി പരിശോധന, ചെവി, മൂക്ക്, തൊണ്ട എന്നിവയുടെ സ്‌കാനിംഗ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം എന്നിവയും പോതു ജനങ്ങൾക്ക് സൗജന്യമായി ലഭിക്കും.

കോവിഡാനന്തര ചികിത്സ ഒ.പി
ഐരാണിമുട്ടം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള കോവിഡാനന്തര ഒ.പിയുടെ പ്രവർത്തന സമയം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മണി മുതൽ 5 മണിവരെയുമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിലും ഒ.പി. പ്രവർത്തിക്കും. കോവിഡിനു ശേഷമുള്ള മാനസിക വിഭ്രാന്തി, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ശ്വാസതടസ്സം, ചുമ, കിതപ്പ്, ക്ഷീണം, സന്ധിവേദന, ഉദര രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള ചികിത്സയും ഉണ്ടാകും. വിശദവിവരങ്ങൾക്ക്: 04712463746.

സാഹിത്യ ശിൽപശാല
സാഹിത്യതത്പരരായ പട്ടിക വിഭാഗക്കാർക്ക് സാഹിത്യാഭിരുചി വർദ്ധിപ്പിക്കുന്നതിനും സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. 18 വയസിനു മുകളിൽ പ്രായമുള്ള സാഹിത്യാഭിരുചിയുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും (10 ശതമാനം ജനറൽ വിഭാഗത്തിൽ നിന്നും) അപേക്ഷ ക്ഷണിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡേറ്റ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അപേക്ഷകന്റെ പ്രസിദ്ധീകരിച്ച/ പ്രസിദ്ധീകരണയോഗ്യമായ സാഹിത്യസൃഷ്ടി എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ ഒക്‌ടോബർ 18 നു വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കണം. അപേക്ഷാ ഫോം www.scdd.kerala.gov.in ലും വെബ്‌സൈറ്റിലും ചീഫ് പബ്ലിസിറ്റി ഓഫീസിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2315375.

ചെമ്പൈ പുരസ്‌കാരം 2021: അപേക്ഷ ക്ഷണിച്ചു
കർണാടക സംഗീതം – വായ്പ്പട്ടിന് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്‌കാരം 2021 ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള യുവസംഗീതജ്ഞർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും നിയമാവലിയും ചെയർമാൻ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം- 695009, (ഫോൺ: 0471-2472705, മൊബൈൽ: 9447754498) എന്ന വിലാസത്തിൽ നേരിട്ടും, തപാലിലും ലഭിക്കും. ട്രസ്റ്റ് ട്രഷററുടെ ഫോൺ നമ്പറിലേക്ക് (9447060618) വാട്ട്‌സ്അപ്പ് സന്ദേശം അയച്ചും അപേക്ഷാഫോം വാങ്ങാം. തപാലിൽ അപേക്ഷാഫോം അയയ്ക്കുന്നതിന് പത്ത് രൂപ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ വലിയ കവർ അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷാഫോം തിരുവനന്തപുരം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിൽ ഒക്‌ടോബർ 15 നകം ലഭിക്കണം.

യോഗ പരിശീലകരെ ആവശ്യമുണ്ട്

ജില്ലയില്‍ വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ക്ഷേമ സ്ഥാപനങ്ങളായ ഗവ.ആഫ്റ്റര്‍ കെയര്‍ ഹോം, ഗവ.മഹിളാമന്ദിരം, ഗവ.ഷോര്‍ട്ട് സ്റ്റേ ഹോം എന്നിവിടങ്ങളിലെ താമസക്കാരെ യോഗ പരിശീലിപ്പിക്കാന്‍ പരിശീലകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് ഒക്ടോബര്‍ നാലിനകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370750, 9188969212, dwcdokkd@gmail.com.

ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി പ്രവേശനം

ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി പ്രവേശനത്തിന്റെ സെലക്ട് ലിസ്റ്റിലുള്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ പ്രവേശനത്തിനായി കോഴിക്കോട് വനിതാ പോളിടെക്നിക് കോളേജില്‍ ഇന്ന് (സെപ്തംബര്‍ 24) റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. എസ്എസ്എല്‍സി, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലിയര്‍ സര്‍ട്ടിഫിക്കറ്റ്, ടിസി തുടങ്ങി പ്രോസ്പെക്ട്സില്‍ നിര്‍ദേശിച്ച അസ്സല്‍ രേഖകള്‍, ഫീസ് അടക്കാനുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, പിടിഎ ഫണ്ട് എന്നിവ കരുതണം.

മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ഇന്ന്

സംസ്ഥാനത്തെ ടി.എം സ്റ്റീല്‍ ബാര്‍ നിര്‍മ്മാണം, ടാനറീസ് ആന്റ് ലതര്‍ നിര്‍മ്മാണം, ടൈല്‍ വ്യവസായം എന്നീ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ഇന്ന് (സെപ്തംബര്‍ 24) ന് യഥാക്രമം രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും ഉച്ചയ്ക്ക് ശേഷം 2 മണിക്കും കോഴിക്കോട് ഗാന്ധി റോഡിലെ കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഹാളില്‍ നടത്തുന്നു. തെളിവെടുപ്പില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി – തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.

അസംഘടിത സംരംഭങ്ങളുടെ സര്‍വ്വേയില്‍ സാമ്പത്തിക വിവരം നല്‍കണം

അസംഘടിത മേഖലയെക്കുറിച്ചുള്ള സാമ്പിള്‍ സര്‍വ്വേയ്ക്കായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ നടത്തുന്ന സര്‍വ്വേയില്‍ എന്യൂമറേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരം നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വീടുകള്‍ കൂടാതെ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ഫാക്ടറികള്‍, ഓഫീസുകള്‍, ആരാധനാലയങ്ങള്‍, മറ്റു സംരംഭങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. സ്ഥിര ആസ്തി, ലോണുകള്‍, ഇന്‍വെന്ററി തുടങ്ങിയ വിവരങ്ങള്‍ ബാലന്‍സ് ഷീറ്റില്‍ നിന്നും വരുമാന- ചെലവ്, സ്റ്റാഫ് സാലറി തുടങ്ങിയ വിവരങ്ങള്‍ പ്രോഫിറ്റ് ആന്‍ഡ് ലോസ് അക്കൗണ്ടില്‍ നിന്നുമാണ് ശേഖരിക്കുന്നത്. ഇത്തരം പ്രധാന വിവരങ്ങളും നികുതി അടവ് സംബന്ധമായ വിവരങ്ങളും കൃത്യമായി നല്‍കണം.


Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!