Trending

വീണാ ജോർജിനെതിരായ പ്രതിഷേധം: കെ എസ് യു പ്രവർത്തകർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് എസ്‌ഐടി റിപ്പോർട്ട്

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് കാട്ടി പ്രത്യേക അന്വേഷണ സംഘം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. ആദ്യ അന്വേഷണ സംഘം നൽകിയ കുറ്റപത്രത്തിൽ ആരോപിച്ചിരുന്ന ഗുരുതരമായ കുറ്റങ്ങളൊന്നും പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും, ജനാധിപത്യപരമായ കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നുമാണ് എസ്‌.ഐ.ടിയുടെ പ്രധാന കണ്ടെത്തൽ. എസ്‌.ഐ.ടി തലവൻ യു. പ്രേമൻ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഈ സുപ്രധാന റിപ്പോർട്ട് സമർപ്പിച്ചത്.

ആദ്യ അന്വേഷണത്തിൽ റെയിൽവേ പോലീസ് കെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയ കലാപശ്രമം, അനധികൃതമായി തടഞ്ഞുവെക്കൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, റെയിൽവേ പരിസരത്ത് അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകളൊന്നും നിലനിൽക്കില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിഷേധക്കാർ പ്ലാറ്റ്‌ഫോം ടിക്കറ്റെടുത്താണ് റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചതെന്നതിനാൽ അതിക്രമിച്ചു കയറിയെന്ന കുറ്റം നിലനിൽക്കില്ല. കൂടാതെ, മന്ത്രിയെ തടഞ്ഞുവെക്കുന്ന സാഹചര്യമോ മന്ത്രിക്കൊപ്പമുണ്ടായിരുന്ന പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള ഇടപെടലുകളോ പ്രതിഷേധക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് എസ്‌.ഐ.ടി നിരീക്ഷിച്ചു.

മുൻപ് എഫ്.ഐ.ആറിൽ ചുമത്തിയിരുന്ന വധശ്രമ കേസ് കുറ്റപത്രത്തിൽ ഒഴിവാക്കിയിരുന്നുവെങ്കിലും, മറ്റ് വ്യാജ കുറ്റങ്ങൾ ചുമത്തിയാണ് കേസ് മുന്നോട്ട് കൊണ്ടുപോയതെന്നാണ് എസ്‌.ഐ.ടിയുടെ കണ്ടെത്തൽ. കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്നത് കുറ്റകരമല്ലെന്ന വിവിധ കോടതി നിരീക്ഷണങ്ങൾ കൂടി ചൂണ്ടിക്കാണിച്ചാണ് അന്വേഷണ സംഘം റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ മജിസ്‌ട്രേറ്റ് കോടതി ഇനി തുടർനടപടികൾ സ്വീകരിക്കും.

കേസിൽ തെറ്റായ മൊഴി നൽകിയ വീണാ ജോർജിന്റെ മുൻ ഗൺമാൻ അഭിലാഷിനെതിരെയും, പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കാൻ ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് എസ്‌.ഐ.ടി നേരത്തെ ഡി.ജി.പിക്ക് കൈമാറിയിരുന്നു. ഈ റിപ്പോർട്ട് കൂടിയായതോടെ കേസിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാവശ്യ ധൃതിയും രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളും വീണ്ടും ചർച്ചയായിരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!