തിരുവനന്തപുരം: ഇ.ഡി ശുപാർശയിൽ പിണറായി വിജയനെതിരെ കേസെടുത്താൽ രാഷ്ട്രീയമായി നേരിടാൻ സിപിഐഎം. കേന്ദ്ര ഏജൻസികൾക്ക് വഴങ്ങിയെന്ന് ചൂണ്ടിക്കാട്ടി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. കേസ് എടുക്കാനുള്ള നിയമോപദേശം സിപിഐഎമ്മിനെ ലക്ഷ്യമിട്ടാണെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു.
ആദ്യം മാസപ്പടി കേസായും പിന്നീട് കൈക്കൂലിയായും ഇപ്പോൾ ഹവാല ഇടപാടായും വളരുന്ന ഇ.ഡി കേസ് പാർട്ടിയെ ലക്ഷ്യമിട്ടുളള രാഷ്ട്രീയ നീക്കമാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. നേതൃത്വത്തെ കേസിൽ കുടുക്കി വിശ്വാസ്യത തകർത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കാനുളള കേന്ദ്ര ഏജൻസികളുടെ നീക്കത്തിന് യുഡിഎഫ് സർക്കാരും കുടപിടിക്കുന്നു എന്നാണ് സിപിഐഎം ആരോപിക്കുന്നത്.പിണറായി വിജയനെതിരായ കേസ് പാർട്ടിയ്ക്കെതിരായ നീക്കമായി കണ്ട് പ്രതിരോധിക്കാനാണ് തീരുമാനം.
സിപിഐഎം ഉയർത്തുന്ന രാഷ്ട്രീയ പ്രതിരോധത്തിന് ഒപ്പം സി.എം.ആർ.എൽ എം.ഡിയുടെ ഡയറിയിൽ രമേശ് ചെന്നിത്തലയുടെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും പേരുളളതും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. നിയമപരമായ കാര്യങ്ങൾക്കൊപ്പം രാഷ്ട്രീയ പ്രത്യാഘാതം കൂടി വിലയിരുത്തി കൊണ്ടായിരിക്കും സർക്കാർ തീരുമാനം.
യുഡിഎഫ് നേതാക്കൾ കൈപ്പറ്റിയത് ഫണ്ട് പിരിവിൻെറ ഭാഗമായുളള പണമാണെന്നും വീണയുടേത് മുഖ്യമന്ത്രിയെ മറയാക്കിയുളള കൈക്കൂലിയാണെന്നുമാണ് സർക്കാരിന്റെ പ്രതിരോധം. സർക്കാർ നീക്കത്തെ ബിജെപിയും കാത്തിരിക്കുകയാണ് കേസ് എടുക്കുന്നില്ലെങ്കിൽ ഒത്തുകളി ആരോപിച്ച് രംഗത്ത് വരാനാണ് ബിജെപി തീരുമാനം.

