പിടികൂടിയത് കോഴിക്കോട് ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും
കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ലഹരിവേട്ട ശക്തമാക്കി ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയെന്നാരോപിച്ച് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു.
ബേപ്പൂർ മൂന്നാർ വളപ്പിൽ ജംഷീർ, ബേപ്പൂർ മതിലകത്ത് ഇജാസ്, ഫറോക്ക് ചുങ്കത്ത് താമസിക്കുന്ന ബേപ്പൂർ സ്വദേശി അർഷാദ് എന്നിവരാണ് പിടിയിലായത്.
ഇന്ന് രാവിലെ പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള BACK TO FIT ജിംനേഷ്യത്തിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും പരിശോധന നടത്തി. ജിം നടത്തിപ്പുകാരനായ ജംഷീർ ഉൾപ്പെടെയുള്ളവരെ കുറച്ചുനാളുകളായി ഡാൻസാഫ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.
പരിശോധനയിൽ ഏകദേശം 250 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സ്ത്രീകളും യുവാക്കളുമടക്കം ഏകദേശം 200 പേർ സ്ഥിരമായി വർക്ക് ഔട്ട് ചെയ്യുന്ന സ്ഥാപനത്തിന്റെ മറവിൽ ലഹരിമരുന്ന് വിൽപ്പന നടന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
പരിശോധനയ്ക്കിടെ ഡാൻസാഫ് സംഘത്തെ കണ്ട പ്രതികൾ എംഡിഎംഎ വിൽപ്പന നടത്തി ലഭിച്ച പണം സമീപത്തെ വെള്ളത്തിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

