ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം തുടര്‍ന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ ബലപ്രയോഗത്തിലൂടെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സമരം ഏറ്റെടുത്ത് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്കെ. അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതായി ദീപ്കെ എക്സ് പോസ്റ്റില്‍ പറഞ്ഞു. ഡല്‍ഹി പൊലീസ് തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മര്‍ദനമേറ്റെന്നും ദീപ്കെ പറഞ്ഞു.
സമരരംഗത്തു നിന്ന് ആരും പിന്തിരിയരുതെന്നും മുന്നോട്ട് പോകണമെന്നും അഭിജീത് ദീപ്കെ ആഹ്വാനം ചെയ്തു. വലിയ അബദ്ധമാണ് പൊലീസ് കാണിച്ചിരിക്കുന്നത്. സമരത്തെ പിന്തുണക്കുന്നവരെല്ലാം ജന്തര്‍ മന്തറിലേക്കെത്തണം. ജൂലൈ 20ലെ സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ച് നിശ്ചയിച്ച പോലെ നടക്കും -അഭിജീത് ദീപ്കെ പറഞ്ഞു.
ഡല്‍ഹി ജന്തര്‍ മന്തറില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി പൊലീസ് മുന്നോട്ട് പോവുകയാണ്. സമരക്കാര്‍ ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെയാണ് സോനം വാങ്ചുകിനെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയത്. നിരാഹാരത്തിന്റെ 21ാം ദിവസത്തിലാണ് തീരുമാനം. പ്രതിഷേധിച്ച് സിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് മര്‍ദനമുണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്.

