തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സൗജന്യ വിമാനയാത്ര വിവാദത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍കുമാറിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിമാനയാത്ര അഴിമതിയാണെന്ന് ആരോപിച്ചാണ് ഹര്‍ജി. 2027 ജനുവരി 12നാണ് ഇനി ഹര്‍ജി പരിഗണിക്കുക.
മലപ്പുറത്തേക്ക് പോകാന്‍ വേണ്ടിയായിരുന്നു മുഖ്യമന്ത്രി വി സി സതീശന്‍ ചാര്‍ട്ടേഡ് വിമാന സൗകര്യം തേടുന്നത്. വിമാനം സ്‌പോണ്‍സര്‍ ചെയ്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നല്‍കിയിരുന്ന വിവരം.
പല തവണ ആ സ്‌പോണ്‍സര്‍ ആരാണെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നെങ്കിലും അദ്ദേഹം അത് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. വലിയ വിവാദമായിരുന്നു അതിന് പിന്നാലെ ഉണ്ടായിരുന്നത്. വിമാനത്തിന്റെ തുക അടച്ചത് ചിപ്‌സണ്‍ ഏവിയേഷന്‍സ് ആണ്. ചിപ്‌സണ്‍ ഏവിയേഷന് മറ്റാരെങ്കിലും പണം നല്‍കിയോ എന്നതടക്കമുള്ള സംശയങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതില്‍ ഒന്നും തന്നെ മുഖ്യമന്ത്രി മറുപടി പറയാന്‍ തയ്യാറായിരുന്നില്ല.

