തിരുവനന്തപുരം: പരിമിതികളെ പോരാടി അതിജീവിച്ച സമ്പാദ്യത്തില്‍നിന്ന് തന്റെ ജന്മദിനത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി രണ്ടു കൈകളുമില്ലാത്ത പ്രണവ്.
രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായെന്ന് പറഞ്ഞാണ് പ്രണവ് എന്ന യുവാവിനെ മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കൻ പ്രണവ് തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനൻ എം.എൽ.എയും കൂടെയുണ്ടായി. സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് പറഞ്ഞു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോൾ. കാൽ ഉപയോഗിച്ച് സെൽഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ സന്തോഷപൂർവം യാത്രയാക്കിയത്.” – മുഖ്യമന്ത്രി പിണറായി വിജയൻ

