തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തില്‍ പൊലീസിന് വൻ വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.സംഭവം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് കേസില്‍ എഫ്‌ഐആര്‍ ഇട്ടത്. പൊലീസ് സ്റ്റേഷന്‍ രേഖകളില്‍ അപകടം നടന്ന വിവരം രേഖപ്പെടുത്തിട്ടും കേസെടുത്തിട്ടില്ല.
കേസെടുക്കാനും രക്തസാമ്പിളുകൾ നൽകാനും മ്യൂസിയം ക്രൈം എസ്‌ഐ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായാണ് റിപ്പോർട്ട്. ശ്രീറാമിനെ സ്വന്തം നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ വിട്ടയച്ചതും പൊലീസിന്റെ വീഴ്ചയായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോ രാകേഷ് രക്തമെടുക്കാന്‍ തയ്യാറായില്ലെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം രക്തമെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ശ്രീറാമിന് മദ്യത്തിന്റെ മണം ഉണ്ടായിരുന്നു എന്ന് എഴുതിയിട്ടുണ്ടെന്നുമാണ് ഡോക്ടര്‍ ആവര്‍ത്തിക്കുന്നത്.
അതിനിടെ ശ്രീറാം വെങ്കിട്ടരാമനെതിരായ സസ്‌പെന്‍ഷന്‍ നടപടികള്‍ ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം. റിമാന്‍ഡിലായ ഉദ്യോഗസ്ഥനെ നാല്‍പ്പത്തെട്ട് മണിക്കൂറിനകം സസ്‌പെന്റ് ചെയ്യണമെന്നാണ് സര്‍വ്വീസ് ചട്ടം.