തൃശൂര്‍: തൃശൂര്‍ കോടശേരി ചായ്പന്‍കുഴി സര്‍ക്കാര്‍ യു.പി സ്കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇന്ന് രാവിലെ തകര്‍ന്നുവീണു. രാവിലെ 11 മണിയോടെയാണ് സംഭവം.സ്കൂളിന് അവധിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടസമയത്ത് വിദ്യാര്‍ഥികളോ അധ്യാപകരോ സ്കൂളില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സാധാരണ അധ്യയന ദിവസമായിരുന്നെങ്കില്‍ വലിയ അപകടത്തിന് ഇടയാക്കിയേക്കാവുന്ന സാഹചര്യത്തിലാണ് അവധി രക്ഷയായത്.
സ്കൂളിനോട് ചേര്‍ന്ന് മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി കാന നിര്‍മിച്ചിരുന്നതായാണ് പ്രാഥമിക വിവരം. കെട്ടിടത്തിന്റെ അടിത്തറയോട് ചേര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തകര്‍ച്ചയുമായി ബന്ധമുണ്ടോയെന്നത് പരിശോധിക്കേണ്ടതുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെട്ടിടത്തിന്റെ അടിത്തറയെയോ ഘടനാപരമായ സുരക്ഷയെയോ ബാധിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് അധികൃതര്‍ പരിശോധിക്കുന്നത്. തകര്‍ന്ന കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗവും സുരക്ഷിതമാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് കൃത്യമായ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്.

