വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് എതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പറഞ്ഞത് ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കോണ്‍ഗ്രസ് പറഞ്ഞത് ശരിയായതിനാലാണ് പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതെന്നും മുദ്രാവാക്യം വിളിച്ചവര്‍ക്ക് മുഖ്യമന്ത്രിയോട് മറ്റ് വ്യക്തിവിരോധങ്ങള്‍ ഒന്നും തന്നെയില്ലെന്ന് കോടതി നിരീക്ഷിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കേരളത്തില്‍ കലാപാഹ്വാനം നടത്തിയത് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസും ആണെന്ന് വി ഡി സതീശന് പറഞ്ഞു. സി പി എമ്മുകാരെ പ്രകോപിപ്പിച്ച് ആക്രമണത്തിന് ആഹ്വാനം നല്കി. കേരളത്തില്‍ ഇതിന്റെ പേരിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഈ കലാപ ആഹ്വാനം ആയിരുന്നുവെന്നും വി ഡി സതീശന് പറഞ്ഞു.
പാര്‍ട്ടിയുടെ തലപ്പത്ത് ഗുണ്ടകളാണോ? കൊല്ലുമെന്നും ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ഞങ്ങള്‍ തമിഴ്നാട്ടിലേക്ക് പോകണോയെന്നും വി ഡി സതീശന് ചോദിച്ചു. അന്വേഷണം നടക്കട്ടെ, പ്രതിഷേധം പ്രതിഷേധം എന്ന് മാത്രമാണ് ഞങ്ങളുടെ കുട്ടികള്‍ പറഞ്ഞത്. ചെറുപ്പക്കാര്‍ അവരുടെ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും വി ഡി സതീശന് പറഞ്ഞു.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാന്‍ ആദ്യമായി തീരുമാനമെടുത്തത് സി പി എം ആണ്. ബസ് കത്തിക്കാം, ട്രെയിന്‍ ആക്രമിക്കാം, ഫ്ലൈറ്റില്‍ പ്രതിഷേധം പാടില്ല എന്നാണ് സി പി എം നിലപാടെന്നും വി ഡി സതീശന് പരിഹസിച്ചു.

