തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ സ്ത്രീ യാത്രക്കാര്‍ക്ക് സൗജന്യം അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശന്. അധികാരമേറ്റ് ഒരുമാസം തികയുന്നതിന് മുമ്പ് വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സൗജന്യ യാത്ര സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് അഭിമാനത്തോടെ സര്‍ക്കാര്‍ വണ്ടിയില്‍ സൗജന്യമായി യാത്ര ചെയ്യാം. ഈ പദ്ധതികൊണ്ട് സാമ്പത്തിക സാമൂഹിക പ്രതിഫലനങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസി യാത്രക്കാര്‍ സാധാരണ സ്ത്രീകള്‍. മത്സ്യത്തൊഴിലാളി സ്ത്രീകള്‍, പാവപ്പെട്ട സ്ത്രീകള്‍, ഫ്ലാറ്റുകളില്‍ ജോലി ചെയ്യുന്ന പാവപ്പെട്ടവര്‍, വിദ്യാര്‍ത്ഥിനികള്‍, ജീവനക്കാര്‍, ആശുപത്രികളിലേയ്ക്കും ബാങ്കുകളിലേക്കും പോകുന്നവരാണ് കെഎസ്ആര്‍ടിസിയിലെ യാത്രക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

