തിക്കോടി ടൗണിൽ സിപിഐഎം പ്രവർത്തകരുടെ കൊലവിളി പ്രകടനം. ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്.തിക്കോടി പഞ്ചായത്തില്‍ നിന്ന് പെരുമാള്‍പുരത്തേക്ക് പ്രതിഷേധ മാര്‍ച്ച് പുരോഗമിക്കുന്നതിനിടെയാണ് കൊലവിളി മുദ്രാവാക്യമുണ്ടായത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.കൂടാതെ കെഎസ്യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെയും ആക്രമണം നടന്നു. കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് നേരെ ഇന്നലെ രാത്രി ബിയർ കുപ്പികൾ എറിഞ്ഞു. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു.സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് അനന്തകൃഷ്ണൻ ആരോപിച്ചു. സംഭവസമയത്ത് അനന്തകൃഷ്ണൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിന് തുടർച്ചയായി തിങ്കളാഴ്ച കെപിസിസി ഓഫീസിന് മുൻവശത്തും വി.കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസിന് പരിസരത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇവിടെവെച്ചാണ് അനന്തകൃഷ്ണൻ സിപിഎമ്മിന്റെ കൊടി കത്തിച്ചത്. അതിനുശേഷം സിപിഎമ്മിന്റെ ഭാഗത്തുനിന്ന് അനന്തകൃഷ്ണനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി വീടിനുനേരെ അക്രമം ഉണ്ടായത്.

