Trending

കുടുംബവഴക്കിനിടെ ഭാര്യ പൊലീസിനെ വിളിച്ചു; 36 വർഷത്തിന് ശേഷം കവർച്ചാ കേസ് പ്രതി പിടിയിൽ

കോഴിക്കോട്: മുപ്പത്തിയാറ് വർഷം മുൻപ് കേരളത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ തോക്കുചൂണ്ടി കവർച്ച നടത്തി മുങ്ങിയ പ്രതി ഒടുവിൽ പോലീസ് വലയിലായി. മൈസൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന മലപ്പുറം അരീക്കോട് സ്വദേശി വി.കെ. ജോസ് എന്ന ശിവകുമാർ (71) ആണ് വർഷങ്ങൾക്ക് ശേഷം പിടിയിലായത്. കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ നൽകിയ ഒരു ഫോൺ കോളാണ് ദശാബ്ദങ്ങളായി പോലീസിനെ വെട്ടിച്ച് നടന്ന പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചത്.

1990-ൽ കോഴിക്കോട് തിരുവമ്പാടിയിൽ നിന്നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവമ്പാടിയിൽ നിന്നും കൂമ്പാറയിലേക്ക് രാത്രി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് കവരുകയായിരുന്നു ജോസ്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി തിരുവമ്പാടി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.

കേരളത്തിൽ നിന്നും കടന്നുകളഞ്ഞ ജോസ് മൈസൂരുവിലെ നരസിംഹരാജയിലാണ് പിന്നീട് താവളമുറപ്പിച്ചത്. അവിടെ ശിവകുമാർ എന്ന പേര് സ്വീകരിച്ച് പെയിന്റിംഗ് ജോലികളുമായി സ്ഥിരതാമസമാക്കുകയായിരുന്നു. ഇതിനിടെ വിവാഹം കഴിച്ച് കുടുംബവുമായി ജീവിച്ചു വരികയായിരുന്നു ഇയാൾ. കഴിഞ്ഞ ബുധനാഴ്ച രാത്രി ജോസും ഭാര്യയും തമ്മിൽ വീട്ടിൽ വെച്ച് കടുത്ത വഴക്കുണ്ടായി. തർക്കം രൂക്ഷമായതോടെ ഭാര്യ എമർജൻസി ഹെൽപ്പ് ലൈൻ നമ്പറായ 112-ൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

വിവരമറിഞ്ഞ് മൈസൂരു നരസിംഹരാജ പോലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ജോസിന്റെ കട്ടിലിനടിയിൽ നിന്നും ഒരു നാടൻ തോക്കും കേരളത്തിലായിരുന്ന കാലത്തെ ചില പഴയ രേഖകളും പോലീസ് കണ്ടെടുത്തു. ഇവയെക്കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മറുപടികളാണ് ഇയാൾ നൽകിയത്. ഇതോടെ സംശയം തോന്നിയ മൈസൂരു പോലീസ് ഉടൻ തന്നെ കേരള പോലീസുമായി ബന്ധപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് 1990-ലെ തിരുവമ്പാടി കവർച്ചക്കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഇയാളെന്ന് സ്ഥിരീകരിച്ചത്. ഇയാൾക്കെതിരെ കോടതിയുടെ ജാമ്യമില്ലാ വാറന്റ് നിലവിലുണ്ടെന്ന് വ്യക്തമായതോടെ തിരുവമ്പാടി പോലീസ് മൈസൂരുവിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ ജോസിനെ ഇപ്പോൾ കോഴിക്കോട് സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!