കുന്ദമംഗലം :കുട്ടികളുടെ ദുരിതമാണ് എല്ലാ ദുരന്തങ്ങളിലും ആഴമേറിയ വേദനകൾ ബാക്കി വെക്കുന്നത്.
ആലോചിയ്ക്കും തോറും കണ്ണ് നിറയ്ക്കുന്നവയാണ് അവ. പ്രളയത്തിൽ സർവ്വതും നഷ്ടപെട്ട കൂട്ടുകാർക്ക് കൈത്താങ്ങുമായി മാതൃകയാവുകയാണ് ഹെവെൻസ് ഖുറാനിക് പ്രീസ്കൂൾ.

ചങ്ങാതിക്കൊരു വീട് ഹെവൻസിന്റെ വീട്” എന്ന പേരിൽ സംസ്ഥാനത്തുണ്ടായ വൻ പ്രളയത്തിൽ പിതാവ് നഷ്ടപ്പെട്ടവർ , മാതാവ് മരണപ്പെട്ടവർ, സഹോദരനോ സഹോദരിയോ വേർപ്പെട്ടവർ, വീട് ഒലിച്ചു പോയവർ, എന്നിങ്ങനെ ദുരിത ഭൂമികയിൽ ഒറ്റപ്പെട്ടുപോയ കൂടെപ്പിറപ്പുകളെ കണ്ടെത്തി ഹെവൻസിലെ കുരുന്നുകൾ വീട് നല്‍കാനൊരുങ്ങുകയാണ് ഈ പദ്ധതിയിലൂടെ. ഇന്റർ ഗ്രേറ്റഡ് എഡ്യൂക്കേഷൻ കൗൺസിൽ ഇന്ത്യ(ഐ ഇ സി ഐ )യ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹെവെൻസിന്റെ നൂറോളം വിദ്യാലയങ്ങളിൽ നിന്നും കൊച്ചു വിദ്യാർത്ഥികൾക്കൊപ്പം അവരുടെ മാതാപിതാക്കളും ഹെവെൻസ് ഖുറാനിക് പ്രീസ്കൂൾ അധികൃതരും തുകകൾ കൈമാറി പങ്കാളികളായി.

പദ്ധതിയുടെ ഭാഗമായി കുന്ദമംഗലത്ത് ഹെവെൻസ് ഖുറാനിക് പ്രീസ്കൂൾ പ്രിൻസിപ്പിൾ ശരീഫയുടെ കൈവശം തന്റെ കുഞ്ഞു കാതിലെ സ്വർണം ഊരി നൽകി ഫയ ഫാത്തിമയും സമ്പാദ്യക്കുടുക്ക ഒന്നായി നൽകി ഇഷൽ ഇഹ്സാനും കുഞ്ഞു മനസ്സിലെ വലിയ ഹൃദയം തുറന്നു കാട്ടി. സംഭാവനകളുടെ തുടക്കത്തിൽ തന്നെ നല്ല രീതിയിലുള്ള പ്രതികരണം ലഭ്യമായി. സംസ്ഥാനത്ത് ഒട്ടാകെ ലഭ്യമാകുന്ന തുക ഉപയോഗിച്ച് പദ്ധതി പൂർത്തികരിക്കും.


