ശബരിമല ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് കേരള ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നടപടി. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ ആണ് കോടതിയെ സമീപിച്ചത്.
പ്രസാദ നിര്‍മാണത്തിനായി ഉപയോഗിച്ച ശർക്കര പാക്കറ്റുകളിൽ ചിലതില്‍ മാത്രമാണ് ഹലാൽ മുദ്ര ഉണ്ടായിരുന്നതെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് പ്രസാദനിര്‍മ്മാണത്തിനായി ശര്‍ക്കര ഉപയോഗിക്കുന്നത്. വിദേശത്തേക്ക് അയക്കുന്ന കാരണം കൊണ്ടാണ് ചില ശര്‍ക്കരയ്ക്ക് മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിരുന്നത്.
അല്ലാതെ ഭക്ഷ്യയോഗ്യമല്ലാത്ത ഒന്നും ശബരിമലയില്‍ ഉപയോഗിക്കുന്നില്ലെന്നാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി കൂടുതല്‍ റിപ്പോര്‍ട്ട് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് കോടതി വിശദീകരണം തേടിയത്.