കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ടിറ്റു ജെറോമിന് പൂജപ്പുര ജയിലില്‍ മര്‍ദനമേറ്റ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റാന്‍ ജയില്‍ ഡിഐജി ശുപാര്‍ശ ചെയ്തു. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഉദ്യോഗസ്ഥര്‍ ടിറ്റു ജെറോമിനെ മര്‍ദ്ദിച്ചുവെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ടിറ്റുവിന് മര്‍ദ്ദനമേറ്റിട്ടുണ്ടോ എന്ന കാര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ വ്യക്തമാകൂ എന്നും ഡിഐജി അറിയിച്ചു. തടവുകാര്‍ക്ക് ജയില്‍ മാറ്റം ആവശ്യമെങ്കില്‍ അതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് ജയില്‍വകുപ്പ് കോടതിയെ അറിയിച്ചു.
ടിറ്റു ജെറോമിന് മര്‍ദ്ദനമേറ്റെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്ജി, ഡിഎംഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വൃക്കയ്ക്കു പരുക്കുണ്ടാകാമെന്ന സംശയത്തില്‍, ഡോക്ടര്‍മാരുള്‍പ്പെട്ട സംഘത്തിന്റെ ശുപാര്‍ശയനുസരിച്ച് ടിറ്റുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ജയില്‍ എഡിജിപിയോ ഡിഐജി റാങ്കില്‍ കുറയാത്ത പൊലീസ് ഓഫിസറോ സംഭവം അന്വേഷിച്ച് ഇന്നു 12നകം ജില്ലാ ജഡ്ജിക്കു റിപ്പോര്‍ട്ട് നല്‍കണമെന്നു കോടതി ഉത്തരവിട്ടിരുന്നു.

