യാത്രക്കാരെ ആക്രമിച്ച ശേഷം കൊളളസംഘം കാറുമായി കടന്നു. പാലക്കാട് കസബ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. ആക്രമണത്തില്‍ പാലക്കാട് സ്വദേശികളായ നവനീത്, മുനീര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൊലീസ് യൂണിഫോമിലാണ് കാര്‍ കടത്താന്‍ എത്തിയ കൊളള സംഘം എത്തിയതെന്ന് ഇവര്‍ പറഞ്ഞു.
ബിസിനസുകാരായ മുനീറും നവനീതും തിരുപ്പൂരില്‍ നിന്ന് മടങ്ങി വരുന്ന വഴിയാണ് കസബ പൊലീസ് സ്റ്റേഷന് പരിധിയിലുളള മരുത ഓവര്‍ ബ്രിഡ്ജിനോട് ചേര്‍ന്ന് പൊട്രോള്‍ പമ്പിന് അടുത്ത് വെച്ച് ആക്രമണത്തിനിരയാവുന്നത്. ആദ്യം പൊലീസ് വേഷത്തിലെത്തിയവര്‍ ഇരുവരുടെയും മുഖത്ത് സ്പ്രേ അടിച്ചു. ശേഷം നാല് പേര് മറ്റൊരു വാഹനത്തിലെത്തുകയും മരക്കഷണങ്ങള്‍ ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു എന്നും പരുക്കേറ്റവര്‍ പറഞ്ഞു.
സംഭവ സമയത്ത് വാഹനമോടിച്ചിരുന്ന നവനീതിനെ അടിച്ചിട്ട ശേഷമാണ് അക്രമികള്‍ കാറുമായി കടന്നത്. പണമടങ്ങിയ പഴ്സുകളും ചെക്ക് ലീഫുകളും വാഹനത്തില്‍ ഉളളതായി ഇവര്‍ പൊസീസിന് മൊഴി നല്കി. സംഭവത്തില്‍ കേസെടുത്ത കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.