തിരുവനന്തപുരം: അധികാരത്തിലെത്തി ആറുമാസം പിന്നിടുമ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കി ജനഹൃദയങ്ങളിൽ ഇടംനേടാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞതായി കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്. സാമ്പത്തിക പ്രതിസന്ധികളും മുൻസർക്കാരിൽനിന്ന് ലഭിച്ച വലിയ ബാധ്യതകളും നിലനിൽക്കുമ്പോഴും ജനക്ഷേമത്തിന് മുൻഗണന നൽകി ചുരുങ്ങിയ കാലയളവിൽ നിരവധി ജനകീയ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി കുടുംബങ്ങൾക്ക് സാമ്പത്തിക ആശ്വാസവും സ്ത്രീകൾക്ക് കൂടുതൽ യാത്രാസ്വാതന്ത്ര്യവും ഉറപ്പാക്കി. ആഭ്യന്തര സുരക്ഷയും നിയമപാലനവും ശക്തിപ്പെടുത്തുന്നതിനൊപ്പം ലഹരിമാഫിയക്കെതിരായ ഓപ്പറേഷൻ തൂഫാനും ഫലപ്രദമായി നടപ്പാക്കുന്നു.
തൊഴിലാളി ക്ഷേമത്തിന് നൽകിയ വാഗ്ദാനങ്ങൾ ആദ്യ മാസത്തിൽത്തന്നെ പാലിച്ച് ആശാ വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 3000 രൂപയും അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ എന്നിവരുടെ വേതനത്തിൽ 1000 രൂപ വീതവും വർധിപ്പിച്ചു. ക്ഷേമപെൻഷൻ ആറുമാസവും മുടക്കമില്ലാതെ വിതരണം ചെയ്തു. മലബാറിലെ പ്ലസ് വൺ സീറ്റ്, ബാച്ച് പ്രതിസന്ധിക്ക് പരിഹാരം കണ്ടതും മത്സ്യത്തൊഴിലാളികളുടെ ഭവനപദ്ധതി ധനസഹായം എട്ടുലക്ഷം രൂപയായി ഉയർത്തിയതും ശ്രദ്ധേയമായ നേട്ടങ്ങളാണ്. ഗുരുതര രോഗികൾക്കുള്ള ചികിത്സാസഹായം വർധിപ്പിക്കുകയും എൻഡോസൾഫാൻ ദുരിതബാധിതർക്കും പ്രളയബാധിതർക്കും സഹായമെത്തിക്കുകയും ചെയ്തു.
മരുന്നുവില കുറയ്ക്കുന്നതിനും സർക്കാരിന്റെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനും നടപടികളെടുത്തു. പ്രവാസികൾക്കായി കൂടുതൽ ക്ഷേമപദ്ധതികൾ നടപ്പാക്കുകയും നോർക്ക ആനുകൂല്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു. ദേശീയ, രാജ്യാന്തര കായികമത്സരങ്ങളിൽ മെഡൽ നേടിയ താരങ്ങൾക്ക് പാരിതോഷികം വിതരണം ചെയ്യുന്നതിനും സർക്കാർ മുൻഗണന നൽകി.
എല്ലാവർക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള സാഹചര്യമൊരുക്കി. വിവിധ വിഭാഗങ്ങൾക്ക് സഹായമെത്തിക്കുന്നതിനൊപ്പം റേഷൻ കടകളുടെയും സപ്ലൈകോയുടെയും പ്രവർത്തനം സജീവമാക്കി. ശബരിമല തീർഥാടനത്തിന് മുൻവർഷങ്ങളേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി. അടിസ്ഥാനസൗകര്യ വികസനത്തിലും റോഡ് നിർമാണത്തിലും വേഗത്തിലുള്ള ഇടപെടലുകൾ നടത്തി. ഒരു മാസത്തിനുള്ളിൽ അഞ്ചു കിലോമീറ്റർ റോഡ് നിർമിക്കാനായത് വികസന പ്രവർത്തനങ്ങളുടെ വേഗതയ്ക്ക് ഉദാഹരണമാണ്.
നികുതി പിരിവും ജിഎസ്ടി വരുമാനവും വർധിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു. പരിമിതമായ വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിച്ച് ജനക്ഷേമ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ സർക്കാർ മികവ് തെളിയിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയും സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയും ചെയ്യുന്നതാണ് ഈ സർക്കാരിന്റെ പ്രത്യേകത. സ്ത്രീകൾ, തൊഴിലാളികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, രോഗികൾ, വയോജനങ്ങൾ, യുവാക്കൾ, പ്രവാസികൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന ജനപക്ഷ ഭരണമാണ് യുഡിഎഫ് കാഴ്ചവയ്ക്കുന്നത്.
ആറുമാസത്തെ ഭരണനേട്ടങ്ങൾ തുടക്കം മാത്രമാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി യാഥാർഥ്യമാക്കി വികസനത്തിന്റെയും ക്ഷേമത്തിന്റെയും പുതിയ അധ്യായം രചിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പ്രതിസന്ധികൾക്കിടയിലും ജനപക്ഷത്ത് ഉറച്ചുനിന്ന് പ്രവർത്തിക്കാനാകുമെന്ന് തെളിയിച്ച യുഡിഎഫ് സർക്കാരിന്റെ ആദ്യ ആറുമാസം കേരളത്തിന്റെ ഭരണചരിത്രത്തിലെ ശ്രദ്ധേയമായ കാലഘട്ടമായി മാറുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

