കുന്ദമംഗലം: അപൂർവ ജനിതക രോഗമായ എസ്എംഎ (Spinal Muscular Atrophy) ബാധിച്ച കോഴിക്കോട് കല്ലുരുട്ടിയിലെ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് കൈത്താങ്ങായി കുന്ദമംഗലത്തെ ഓട്ടോ തൊഴിലാളികൾ നടത്തിയ കാരുണ്യയാത്രയിലൂടെ സമാഹരിച്ച 25,000 രൂപ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.
കുന്ദമംഗലത്തെ ഓട്ടോ തൊഴിലാളികൾ സംഘടിപ്പിച്ച കാരുണ്യയാത്രയ്ക്ക് പൊതുജനങ്ങളിൽ നിന്നും യാത്രക്കാരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. ഒരു ദിവസത്തെ ഓട്ടവരുമാനം ചികിത്സാ സഹായത്തിനായി മാറ്റിവെച്ചും യാത്രക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ച സംഭാവനകൾ ചേർത്തുമാണ് 25,000 രൂപ സമാഹരിച്ചത്. പ്രജീഷ്, ബാബു, ലീജീഷ്, മുസ്തഫ, ഭരതൻ എന്നിവർ ചേർന്നാണ് സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറിയത്.
സമാഹരിച്ച തുകയുടെ വലുപ്പത്തിലല്ല, അതിനു പിന്നിലെ മനസ്സിന്റെ വലുപ്പത്തിലാണ് കാരുണ്യത്തിന്റെ മഹത്വമെന്നും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ യാത്രക്കാർക്കും പൊതുജനങ്ങൾക്കും കുന്ദമംഗലത്തെ ഓട്ടോ തൊഴിലാളികളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
മനുഷ്യസ്നേഹവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച ഈ കാരുണ്യയാത്ര, പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് സമൂഹത്തിന്റെ കരുതലും പിന്തുണയും എത്രമാത്രം വിലപ്പെട്ടതാണെന്ന് ഓർമിപ്പിക്കുന്ന മാതൃകാപരമായ പ്രവർത്തനമായി.

