Kerala Local

കോഴിക്കോട് മുൻമേയർ യു.ടി. രാജൻ അന്തരിച്ചു

കോഴിക്കോട് : കോര്‍പ്പറേഷന്‍ മുന്‍മേയര്‍ യു.ടി. രാജന്‍ (70) അന്തരിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 1. 52നാണ് അന്തരിച്ചത്. അഭിഭാഷകന്‍, രാഷ്ട്രീയനേതാവ്, സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. എരഞ്ഞിപ്പാലം ചൈത്രം വീട്ടിലായിരുന്നു താമസം.

സ്വാതന്ത്ര്യസമരസേനാനിയായ യു.ടി. അപ്പുവൈദ്യരുടേയും ചിരുതക്കുട്ടിയുടേയും മകനാണ്. കെ.എസ്.യു. വിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. കോഴിക്കോട് ഗവ. ലോ കോളേജില്‍ നിയമവിദ്യാര്‍ഥിയായിരിക്കെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ഭാരവാഹിയായിരുന്നു.
കോര്‍പ്പറേഷന്‍ കൗണ്‍സിലറായും മരാമത്ത് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഇടതുമുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസ്-എസ് പാര്‍ട്ടിലീഡറായി തിരഞ്ഞെടുക്കപ്പെട്ട രാജന്‍ 1990 ഫെബ്രുവരി അഞ്ചിനാണ് മേയറായി ചുമതലയേറ്റത്. ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് കോണ്‍ഗ്രസ് എസിന് മേയര്‍പദവി ലഭിച്ചപ്പോഴാണ് രാജന്‍ നഗരപിതാവായത്. ഒരു വര്‍ഷം ആ പദവിയിലിരുന്നു.

1991-ല്‍ ന്യൂയോര്‍ക്കില്‍നടന്ന ലോക പരിസ്ഥിതിസമ്മേളനത്തില്‍ അദ്ദേഹം കോഴിക്കോട് കോര്‍പ്പറേഷനെ പ്രതിനിധീകരിച്ചു. യു.കെ., യു.എസ്.എ., കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ രാജന്‍ 2019-ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു.
പ്രമുഖ അഭിഭാഷകന്‍ എം. രത്നസിങ്ങിന്റെ കീഴിലാണ് അഭിഭാഷകനായി പ്രവര്‍ത്തനം തുടങ്ങിയത്. അകാലത്തില്‍ മരിച്ച മകന്റെ സ്മരണയ്ക്കായി തുടങ്ങിയ യു.ടി. തിഥിന്‍രാജ് ട്രസ്റ്റിന്റെ പ്രസിഡന്റായിരുന്നു. ഭാര്യ: പി.പി. സുശീല (അഡ്വക്കറ്റ് നോട്ടറി, കോഴിക്കോട് ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാരഫോറം മുന്‍ അംഗം). മറ്റുമക്കള്‍: രുക്മരാജ് (ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്, കണ്ണൂര്‍), ഡോ. ആത്മ എസ്. രാജ് (ബദര്‍ അല്‍സമ ഹോസ്പിറ്റല്‍, അല്‍ ഖൗദ്, മസ്‌കറ്റ്). മരുമക്കള്‍: രാമു രമേശ് ചന്ദ്രഭാനു (സബ് ജഡ്ജ്, തലശ്ശേരി), ജയശങ്കര്‍ (അഭിഭാഷകന്‍, ഹൈക്കോടതി)
സഹോദരങ്ങള്‍: യു.ടി. ഷണ്‍മുഖന്‍ (കോണ്‍ട്രാക്ടര്‍), യു.ടി. രഘുവരന്‍ (കെ.എസ്.ആര്‍.ടി.സി.), വിശാലാക്ഷി, ഉഷാകുമാരി, പരേതരായ യു.ടി. അശോകന്‍, യു.ടി. ശിവരാജന്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!