തിരുവനന്തപുരം: തലസ്ഥാനത്തെ പ്രതിഷേധ സമരം 39 ദിവസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ആശ പ്രവര്‍ത്തകര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ മൂന്നുപേരാണ് നിരാഹാരമിരിക്കുന്നത്. ആശാവര്‍ക്കര്‍മാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആര്.ഷീജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്. സമരം നടക്കുന്നതിനിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച ലക്ഷ്യമിട്ട് ഡല്‍ഹിയിലേക്ക് പോയതിനെ ആശ പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ചര്‍ച്ചക്ക് ക്ഷണിച്ചത് പ്രഹസനം മാത്രമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഓണറേറിയം 21,000 രൂപ ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് സമരത്തിന് നേതൃത്വം നല്കുന്ന എം.എ ബിന്ദു, എസ്.മിനി എന്നിവര്‍ പ്രതികരിച്ചു.
ഓണറേറിയം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തില്‍ പോകേണ്ടതില്ല. സംസ്ഥാനത്തിന് തീരുമാനിക്കാവുന്ന കാര്യമാണത്. ആശ വര്‍ക്കര്‍മാരോട് ഇന്നലെ പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട ആരോഗ്യ മന്ത്രിയാണ് ഇന്ന് തിടുക്കത്തില്‍ ഡല്‍ഹിക്ക് പോയിരിക്കുന്നത്. കേന്ദ്രത്തില്‍നിന്ന് കിട്ടിയാല്‍ ആശ വര്‍ക്കര്‍മാര്‍ക്ക് തരാനാണെങ്കില്‍ നല്ലത്. ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാനമാണ്. അത് കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കേണ്ട” -സമരക്കാര്‍ പറഞ്ഞു.

