മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കെവി വിനോദ് കൊല്ലപ്പെട്ട കേസില്‍ നീതി ലഭിച്ചില്ലെന്ന് കുടുംബം. നീതി ലഭിക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണെന്ന് സഹോദരനും പൊലീസ് ഉദ്യോഗസ്ഥനുമായ കെവി ബാബു പറഞ്ഞു. സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ വ്യക്തിപരമായി കോടതിയെ സമീപിക്കും. വിധി പോലീസിനും സമൂഹത്തിനും സമര്‍പ്പിക്കുന്നു. വിനോദിന്റെ മരണത്തെ തുടര്‍ന്ന് കുടുംബ പെന്‍ഷന്‍ പോലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു വൈകിപ്പിച്ചു. കുടുംബത്തിന് ആശ്രിത നിയമനം ലഭിച്ചിട്ടില്ലെന്ന് കെവി ബാബു പറഞ്ഞു.
അനുജന്‍ കൊല്ലപ്പെട്ടത് സമൂഹത്തിനു വേണ്ടി ജോലി ചെയ്യുമ്പോള്‍ ആണ്. മകനെ കുരുതി കൊടുത്തു എന്ന്‌നാണ് മാതാപിതാക്കള്‍ പറയുന്നത്. മരവിച്ച മനസുമായാണ് വിധി കേട്ടതെന്ന് കെവി ബാബു പറയുന്നു. ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. തനിക്ക് പൊലീസ് സര്‍വീസില്‍ ജോലി ലഭിച്ചത് ആശ്രിത നിയമനമല്ലെന്ന് കെവി ബാബു വ്യക്തമാക്കി. 23 വര്‍ഷമായി അമ്മ വിധിയും കാത്തിരിക്കുന്നുണ്ട്. അവരോട് എന്ത് പറയും എന്നറിയില്ലെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ നടപടി ആലോചിച്ചു തീരുമാനിക്കുമെന്ന് അദേഹം വ്യക്തമാക്കി.

