ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ ഉണ്ടാകരുതെന്ന് കരുതുന്നയാള്‍ യഥാര്‍ഥ ഹിന്ദുവല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യ എല്ലാ മതസ്ഥരും ഒരുമയോടെ ജീവിച്ച് വരുന്ന ഇടമെന്നും വ്യത്യസ്ത മതങ്ങളെ അംഗീകരിച്ച് മനുഷ്യത്വത്തിന് ഊന്നല്‍ നല്‍കുന്നതാണ് മതങ്ങളുടെ കാഴ്ചപാടെന്നും ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച വണ്‍ വേള്‍ഡ്, വണ്‍ ഹ്യുമാനിറ്റി പരിപാടിയില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത് പറഞ്ഞു.
മനുഷ്യരാശി ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ നിന്നാണ് ഞങ്ങള്‍ വരുന്നത്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുണ്ടെങ്കില്‍ അയാള്‍ യഥാര്‍ഥത്തില്‍ ഹിന്ദു അല്ല. നിങ്ങള്‍ സ്വയം ഒരു ഹിന്ദു എന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് വിശ്വസിക്കണം. കൂടാതെ, ഓരോ മനുഷ്യനും അന്തസ്സുണ്ട്; മനുഷ്യര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനൊപ്പം തന്നെ വൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഭാഗവത് പറഞ്ഞു. ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളുമായി ആര്‍എസ്എസ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് മോഹന്‍ ഭാഗവത് വെളിപ്പെടുത്തി.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ മാഡിസണ്‍ സ്‌ക്വയര്‍ പരിപാടിയെ എതിര്‍ത്ത് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി രംഗത്തെത്തിയിരുന്നു. ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള അന്താരാഷ്ട്ര സമ്പര്‍ക്ക പരിപാടിയ്ക്കാണ് മോഹന്‍ ഭാഗവത് അമേരിക്കയില്‍ എത്തിയത്.

