കോട്ടയം: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സന്ദർശനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വർഷം കൂടുതൽ തീർത്ഥാടകർ എത്തും എന്നാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്തർക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ റെയിൽവേ ഇതിനോടകം ജോലികൾ ആരംഭിച്ചിട്ടുണ്ടെന്നും മറ്റ് പ്രധാന റെയിൽവേ സ്റ്റേഷനുകളിലും താൻ സന്ദർശനം നടത്തി സൗകര്യങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തീർത്ഥാടന കാലത്ത് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നത് ആലോചനയിലുണ്ടെന്നും, ചെങ്ങന്നൂർ അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. അങ്കമാലി-ശബരി റെയിൽ പാതയെക്കുറിച്ചുള്ള ചോദ്യത്തിന് ശബരിമലയിലേക്ക് തീർത്ഥാടകരെ വേഗത്തിലും സുരക്ഷിതമായും എത്തിക്കാൻ അനുയോജ്യമായ റെയിൽ പാതകൾ ഏതൊക്കെയാണോ അവ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് അനുവദിക്കേണ്ട എയിംസ് വൈകുന്നതിനെക്കുറിച്ചും കേന്ദ്രമന്ത്രി പ്രതികരിച്ചു. കേരളത്തിൽ എയിംസ് വരുന്നത് തടയാനും അത് വരരുതെന്ന് ആഗ്രഹിക്കാനും ആരാണ് ശ്രമിക്കുന്നതെന്ന് എല്ലാവർക്കും കൃത്യമായി അറിയാമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.

