ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് നിലവിൽ കസ്റ്റഡിയിലുള്ള അസ്ഫാഖ് ആലം തന്നെ. പ്രതി കുറ്റ സമ്മതം നടത്തിയതായി പോലീസ്. അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചെന്നും പ്രതി ആദ്യംനല്‍കിയ മൊഴികളെല്ലാം കളവായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ആലുവ മാര്‍ക്കറ്റിന് പിറകിലെ കാടുമൂടിയസ്ഥലത്ത് മാലിന്യക്കൂമ്പാരത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായി 21 മണിക്കൂര്‍ പിന്നിട്ടശേഷമാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, കുട്ടിയെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല. പ്രതിയായ അസ്ഫാഖിനെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
ആലുവ ചൂര്‍ണിക്കര പഞ്ചായത്തില്‍ ഗാരേജിനു സമീപം മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകളായ ചാന്ദ്‌നി കുമാരിയെയാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ വീട്ടില്‍നിന്ന് കാണാതായത്. തായിക്കാട്ടുകര യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ചാന്ദ്‌നി.
പ്രതിയായ അസ്ഫാഖ് ആലം പെണ്‍കുട്ടി താമസിക്കുന്ന വീടിന് തൊട്ടുമുകളിലെ നിലയില്‍ രണ്ടുദിവസം മുന്‍പാണ് താമസത്തിനെത്തിയത്. കഴിഞ്ഞദിവസം താമസിക്കുന്ന മുറിയില്‍ വൈദ്യുതിയില്ലാത്തതിനാല്‍ തൊട്ടടുത്ത വീട്ടിലെത്തി കണക്ഷന്‍ വലിച്ചോട്ടെയെന്ന് പ്രതി ചോദിച്ചിരുന്നു. എന്നാല്‍ അയല്‍വീട്ടുകാര്‍ ഇതിന് സമ്മതിച്ചില്ല. തൊട്ടുപിന്നാലെയാണ് ബിഹാര്‍ സ്വദേശികളുടെ മകളെ വീട്ടില്‍നിന്ന് കാണാതായത്.
സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍നിന്ന് കുട്ടിയെ കടത്തിക്കൊണ്ടുപോയ പ്രതി ആദ്യം സമീപത്തെ കടയിലെത്തി ജ്യൂസ് വാങ്ങിനല്‍കിയിരുന്നു. കുട്ടി കടയിലെത്തിയതായി കച്ചവടക്കാരനും സ്ഥിരീകരിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു. കടയില്‍നിന്ന് ജ്യൂസ് വാങ്ങിയശേഷം സമീപത്തെ റെയില്‍പാളം മുറിച്ചുകടന്ന് കുട്ടിയുമായി റോഡിലേക്ക് പോയ പ്രതി, ഇവിടെനിന്ന് ബസില്‍ കയറി. തുടര്‍ന്ന് ഇയാള്‍ കുട്ടിയുമായി ആലുവ ബസ് സ്റ്റാന്‍ഡിലെത്തി. എന്നാല്‍, ഇവിടെനിന്ന് കുട്ടിയെ എവിടേക്ക് കൊണ്ടുപോയി എന്നതില്‍ വ്യക്തതയില്ലായിരുന്നു.
പ്രതിയായ അസ്ഫാഖിനെ കഴിഞ്ഞദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അമിതമായി മദ്യപിച്ച് ലഹരിയിലായതിനാല്‍ ഇയാളില്‍നിന്ന് വ്യക്തമായ മൊഴികളൊന്നും ലഭിച്ചിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം ലഹരി വിട്ടതോടെയാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് ഇയാള്‍ പറഞ്ഞത്. പ്രതിയുടെ മൊഴിയനുസരിച്ച് ഇയാളുടെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, പിന്നീടുള്ള അന്വേഷണത്തില്‍ ഇയാളുടെ മൊഴി കളവാണെന്ന് ബോധ്യപ്പെടുകയായിരുന്നു.

