പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ശിക്ഷയ്ക്ക് മേല്‍ വാദം പൂര്‍ത്തിയായി. പ്രതിയെ നാളെ ഓണ്‍ലൈനായി ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.
വിധിപ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിയിരുന്നു. വേണ്ടി വന്നാല്‍ താന്‍ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു. തടസ്സം നിന്നാല്‍ ഇങ്ങനെ ആയിരിക്കും തന്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയ്ക്ക് മാനസിക പ്രശ്‌നം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോള്‍ തനിക്ക് പ്രശ്‌നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി. പ്രതി ഇനിയും കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്ന പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചതായി കോടതി പറഞ്ഞപ്പോള്‍ താന്‍ ഇതുവരെ ജാമ്യം പോലും വാങ്ങിയിട്ടില്ലെന്നായിരുന്നു ഇയാളുടെ പ്രതികരണം. ചെന്താമരയ്ക്ക് കുറ്റബോധം ഇല്ലെന്നും നന്നാവാന്‍ സാധ്യത ഇല്ലെന്നും പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചതായി കോടതി അറിയിച്ചപ്പോള്‍ ‘നിങ്ങള്‍ക്ക് വരുമ്പോഴെ ഇത് അറിയൂ, ഞാന്‍ ആയിട്ട് പോവില്ല, ആരേലും വന്നാല്‍ വിടില്ല’ എന്നുമായിരുന്നു ചെന്താമര മറുപടി പറഞ്ഞത്.
പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു. 2025 ജനുവരിയിലാണ് നെന്മാറ പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടക്കുന്നത്. അയല്‍വാസികളായ സുധാകരനെയും (56) അമ്മ ലക്ഷ്മി(75)യെയും ചെന്താമര വെട്ടിക്കൊല്ലുകയായിരുന്നു. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. സാജിതയെ കൊലപ്പെടുത്തിയ കേസില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

