അങ്ങ് ഖത്തര്‍ ലോകകപ്പിലും സഞ്ജു തരംഗം;ബാനറുകൾ പിടിച്ച് ആരാധകർ

0
115

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ നിന്ന് സഞ്ജു സാംസണിനെ തഴഞ്ഞതിലുള്ള പ്രതിഷേധം ഖത്തറിലെ ഫുട്ബോള്‍ ലോകകപ്പ് വേദിയിലും.സഞ്ജുവിന്റെ ചിത്രമുള്ള ബാനറുമായാണ് ആരാധകന്‍ ഫിഫ ലോകകപ്പ് വേദിയിലെത്തിയത്. ‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഖത്തറില്‍ നിന്ന് ഒരായിരം സ്‌നേഹത്തോടെ’ എന്നാണ് ബാനറില്‍ എഴുതിയിരുന്നത്. സഞ്ജു സാംസണ്‍ എന്ന ഹാഷ്ടാഗും ഇതിനൊപ്പം ഉണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റേയും ഇന്ത്യന്‍ ടീമിന്റേയും ജേഴ്‌സിയിലുള്ള സഞ്ജുവിന്റെ ചിത്രങ്ങളും ബാനറില്‍ കാണാം.ത്. ഈ ചിത്രങ്ങള്‍ സഞ്ജുവിന്‍റെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു. സച്ചിനും ധോണിയും കോലിയും കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ സഞ്ജുവിനാണ് എന്ന് ആരാധകര്‍ വാദിക്കുന്നു. സഞ്ജുവിനെ ഒഴിവാക്കിയതില്‍ നായകന്‍ ശിഖര്‍ ധവാനെയും പരിശീലകന്‍ വിവിഎസ് ലക്ഷ്‌മണെയും ആരാധകര്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. സഞ്ജുവിനെ രണ്ടാം ഏകദിനത്തില്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് മുന്‍താരങ്ങളായ മുരളി കാര്‍ത്തിക്കും ആശിഷ് നെഹ്‌റയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഓള്‍ റൗണ്ടറായ ദീപക് ഹൂഡയെ
ടീമിലെടുക്കാനാണ് സഞ്ജുവിനെ പുറത്താക്കിയത് എന്നായിരുന്നു ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ വിശദീകരണം. ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം മഴ മുടക്കിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വൈകി ആരംഭിച്ച മത്സരത്തിനിടെയും രണ്ട് തവണ മഴയെത്തിയതോടെ കളി ഉപേക്ഷിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here