തങ്ങളുടെ ഇഷ്ടത്തിന് എതിരായി വിവാഹം കഴിച്ചതിന് രക്ഷിതാക്കൾ മകളെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി. ഉത്തർപ്രദേശിൻെറയും ഡൽഹിയുടെയും അതിർത്തിപ്രദേശത്താണ് ദാരുണ സംഭവം. കഴിഞ്ഞയാഴ്ചയാണ് മഥുരയിലെ യമുന എക്സ്പ്രസ് വേയിൽ നിന്ന് 21കാരിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്യൂട്ട്കേസിലാക്കിയ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രക്ഷിതാക്കൾ അറസ്റ്റിലായത്. ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
സ്വന്തം ഇഷ്ടത്തിന് പെൺകുട്ടി വിവാഹം കഴിച്ചതിൽ രക്ഷിതാക്കൾക്ക് നേരത്തെ തന്നെ വിയോജിപ്പുണ്ടായിരുന്നു. അച്ഛനാണ് മകളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം സ്യൂട്ട്കേസിലാക്കാൻ അമ്മ സഹായിക്കുകയും ചെയ്തു. 21കാരിയായ ആയുഷി യാദവ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ആയുഷിയുടെ സഹോദരനും കൊലപാതകത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. പെൺകുട്ടിയെ കൊല്ലാനുപയോഗിച്ച ആയുധവും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
“നവംബർ 17ന് ആയുഷിയും പിതാവും തമ്മിൽ തർക്കം നടന്നിരുന്നു. അവൾ തൻെറ സ്വന്തം ഇഷ്ടപ്രകാരം ഒരു യുവാവിനെ വിവാഹം കഴിപ്പിച്ചതിൽ കുടുംബം ഒട്ടും സന്തോഷത്തിലായിരുന്നില്ല. ഇക്കാര്യത്തിൽ നേരത്തെയും വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ 17ാം തീയതി തർക്കത്തിനൊടുവിൽ അച്ഛൻ ആയുഷിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. രണ്ട് തവണയാണ് പെൺകുട്ടിയുടെ ശരീരത്തിലേക്ക് വെടിയുതിർത്തത്,” കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ആക്ടിങ് സീനിയർ സൂപ്രണ്ട് പ്രകാശ് സിങ് പറഞ്ഞു.
രക്ഷിതാക്കളെ അറിയിക്കാതെ യുവതി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീടിന് പുറത്ത് മറ്റൊരിടത്ത് താമസിച്ചിരുന്നു. ഇത് വീട്ടുകാരെ വല്ലാതെ ചൊടിപ്പിച്ചു. അച്ഛൻ ഇക്കാര്യം ചോദ്യം ചെയ്തതാണ് വലിയ തർക്കത്തിൽ കലാശിച്ചത്. പെൺകുട്ടി വീട്ടിൽ തിരികെയെത്തിയ അതേ ദിവസം രാത്രിയാണ് കൊലപാതകം നടന്നത്. ഇതിന് ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി യമുന എക്സ്പ്രസ് വേയിലെ റായ കട്ട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു.
“കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ നിതേഷ് യാദവിനെയും അമ്മ ബ്രജിബാല യാദവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും പേരിൽ ഐപിസി 302ാം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കൽ, തെറ്റായ വിവരം നൽകൽ തുടങ്ങിയ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്,” പ്രകാശ് സിങ് കൂട്ടിച്ചേർത്തു. “അമ്മ ബ്രജിബാല യാദവ് നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തുവെന്ന് കരുതുന്നില്ല. എന്നാൽ മൃതദേഹം സ്യൂട്ട്കേസിലാക്കാൻ അവരും സഹായിച്ചു. മൃതദേഹം ഉപേക്ഷിക്കാൻ കാറിൽ മധുര വരെ അവർ ഭർത്താവിനെ അനുഗമിക്കുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രോളി ബാഗിലാക്കിയ നിലയിൽ മൃതദേഹം ലഭിച്ച ശേഷം പോലീസ് വ്യാപക അന്വേഷണം നടത്തിയിരുന്നു. ഫോണുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഡൽഹിയിലെ പ്രധാന ഇടങ്ങളിൽ പെൺകുട്ടിയുടെ ചിത്രം പോസ്റ്റർ പതിക്കുകയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. പേര് വെളിപ്പെടുത്താത്ത ഒരാളാണ് ഒടുവിൽ പെൺകുട്ടിയെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്. പെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും അയാൾ തിരിച്ചറിയുകയും ചെയ്തു. മധുരയിലെ മോർച്ചറിയിലെത്തി പെൺകുട്ടി ആയുഷി യാദവ് തന്നെയാണെന്ന് അവർ ഉറപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.