തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ അനിശ്ചിത കാല സമരം ഇന്ന് പതിനേഴാം ദിവസം. ഓണറേറിയം വര്‍ധനയില്‍ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്. നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍(എന്‍എച്ച്എം) ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ കത്തിന് എതിരെ ആശമാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്‍എച്ച്എമ്മിന്റെ ഭീഷണി ഉത്തരവ് തള്ളിക്കളയുന്നുവെന്നും ഏകപക്ഷീയമായ നടപടിയാണെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി.
സമരത്തിലുള്ള ആശമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ഇല്ലെങ്കില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആയിരുന്നു ഇന്നലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറകടറുടെ നിര്‍ദേശം. എന്‍എച്ച്എമ്മിനും ലേബര്‍ കമ്മീഷണര്‍ക്കും നിയമ പ്രകാരം നോട്ടീസ് നല്‍കിയാണ് പണിമുടക്ക് നടത്തുന്നതെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസ്സോസിയേഷന്‍ അറിയിച്ചു.