
കണ്ണൂരിലെ ആറളം ഫാമിൽ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കാട്ടാനകളെ തുരത്തുന്നതിനുള്ള ഓപ്പറേഷൻ എലഫന്റ് ദൗത്യം ഇന്ന് തുടങ്ങും.ഫാമിലും പുനരധിവാസ മേഖലയിലുമായി തമ്പടിച്ച കാട്ടാനകളെയാണ് നീക്കം ചെയ്യുക.വന്യമൃഗ ശല്യം തടയാൻ നടപടി വേണമെന്ന ആവശ്യപ്പെട്ട് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് നേതൃത്വം നൽകുന്ന ഉപവാസ സമരം ഇന്ന് ഇരിട്ടിയിൽ നടക്കും.രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ദൗത്യത്തിന് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പുനരധിവാസ മേഖലയിൽ തമ്പടിച്ച ആനകളെയാണ് ആദ്യം കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നത്. 50 അംഗ വനപാലക സംഘത്തിനാണ് ചുമതല. ഉത്തര മേഖല സി സി എഫ്, കെ എസ് ദീപയ്ക്കാണ് ഏകോപന ചുമതല. സണ്ണി ജോസഫ് എംഎൽഎ നേതൃത്വം നൽകുന്ന ഇരിട്ടിയിൽ നടക്കുന്ന ഉപവാസ സമരം തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.